മെൽബൺ സിറ്റിയിൽ സീറോ മലബാർ സഭക്ക് പുതിയ ദേവാലയം
Tuesday, February 22, 2022 2:46 PM IST
മെൽബൺ: മെൽബൺ സിറ്റിയിലെ സീറോ മലബാർ സഭാ വിശ്വാസികൾക്കു സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം പൂവണിഞ്ഞു. ഫെബ്രുവരി 19നു രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ നിരവധി വൈദികരുടേയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പുതിയ ദേവാലയത്തിന്‍റെ കൂദാശ കർമം നിർവഹിച്ചു.

പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമത്തിൽ മെൽബൺ നഗരത്തിന്‍റെ ഹൃദയഭാഗത്തായാണ് പുതിയ ദേവാലയം പണി പൂർത്തിയാക്കിയിരിക്കുന്നത്. 250ൽ അധികം കുടുംബങ്ങളാണ് ഈ ഇടവകയുടെ പരിധിയിൽ വരുന്നത്.

കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനെതുടർന്നു‌ണ്ടായ രണ്ടു വർഷത്തെ ലോക്ഡൗണിനെയും അതിജീവിച്ചാണ് ഈ ദേവാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് ദൈവത്തിന്‍റെ അദ്ഭുതകരമായ പദ്ധതിയാണെന്നു വിശ്വസിക്കുന്നതായി മെൽബൺ സീറോ മലബാർ പ്രൊക്യുറേറ്ററും വികാരിയുമായ സെബാസ്റ്റ്യൻ മണ്ഡപത്തിൽ പറഞ്ഞു.

കൂദാശകർമ്മങ്ങൾക്കുശേഷം നടന്ന അനുമോദന സമ്മേളനത്തിൽ മന്ത്രിമാരും നിരവധി രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.

തലശേരി രൂപതയ്ക്കും ഇത് അഭിമാനമുഹൂർത്തം

മെൽബൺ വെസ്റ്റ് ഇടവക ദേവാലയ നിർമാണത്തിനു നേതൃത്വം നൽകി ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ തലശേരി അതിരൂപതാംഗമാണ്. ആദ്യമായാണ് അദ്ദേഹം ഓസ്ട്രേലിയയിൽ മിഷനറി പ്രവർത്തനത്തിനായി എത്തുന്നത്.

2016-19 വരെ ലത്തീൻ രൂപതയിലും സീറോ മലബാർ വിശ്വാസികൾക്കിടയിലും ശുശ്രൂഷ ചെയ്തുവന്ന ഫാ. സെബാസ്റ്റ്യൻ, 2019 മുതലാണ് മെൽബൺ സിറ്റിയിലേക്ക് സ്ഥലം മാറിവന്നത്. കോവിഡ് മഹാമാരിയുടെ മധ്യത്തിൽ 2020 നവംബർ 28 ന് പതിയ ദേവാലയത്തിനു തറക്കല്ലിട്ടു. 2022 ഫെബ്രുവരി 19 നു ദേവാലയ നിർമാണം പൂർത്തിയാക്കി ചരിത്രം കുറിച്ചു.