ഡോ. കെ. റഹ്മത്തുള്ളയുടെ നിര്യാണത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു
Monday, May 24, 2021 2:54 PM IST
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ചെന്നൈയിൽ മരിച്ച റിയാദിലെ അൽ യാസ്മിൻ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പലും തമിഴ്‌നാട് സ്വദേശിയുമായ ഡോ. കെ റഹ്മത്തുള്ളയുടെ വിയോഗത്തിൽ സൗദിയിലെ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തി. ജിദ്ദയിലും റിയാദിലുമായി ഇന്ത്യൻ സ്കൂളുകളിലെ പ്രധാനധ്യാപകനായി ജോലി ചെയ്തിട്ടുള്ള റഹ്മത്തുള്ളക്ക് വലിയ ശിഷ്യ സമ്പത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപെടുക വഴി ഇന്ത്യൻ സമൂഹവുമായി നല്ല സൗഹൃദവുമായിരുന്നു.

റിയാദിലെ സാംസ്‌കാരിക പ്രവർത്തനങ്ങളിലെ സജീവസാന്നിധ്യമായിരുന്ന ഡോ. റഹ്മത്തുള്ളയുടെ അകാല വേർപാട് വലിയ നഷ്ടമാണെന്ന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. റിസയുടെയും സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെയും ലഹരി വിരുദ്ധ കാമ്പയിനുകളിൽ ഡോ. റഹ്മത്തുള്ളയും അൽ യാസ്മിൻ സ്കൂളും എന്നും വലിയ സഹകരണമാണ് നൽകിയിരുന്നത് എന്ന് ഡോ. അസീസ് അനുസ്മരിച്ചു. കഴിഞ്ഞ പതിമൂന്ന് വർഷമായി അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ എന്ന നിലയിൽ റിയാദിലുള്ള ഡോ. റഹ്മത്തുള്ളയുടെ മരണം സമൂഹത്തിനും ഒരു ആത്മസുഹൃത്തെന്ന നിലയിൽ തനിക്കും കുടുംബത്തിനും വലിയ നഷ്ടമാണെന്ന് ഇന്റർനാഷണൽ എനർജി ഫോറം ഇദ്യോഗസ്ഥനും സാമൂഹ്യപ്രവർത്തകനുമായ ഇബ്രാഹിം സുബ്ഹാൻ പറഞ്ഞു.
ദീർഘനാളായി ആത്മബന്ധം പുലർത്തിയ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് ജീവകാരുണ്യ പ്രവർത്തകനായ മുനീബ് പാഴൂർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഒഐസിസി സൗദി നാഷണൽ കമ്മറ്റി ഭാരവാഹി അഷ്‌റഫ് വടക്കേവിള ഡോ. റഹ്മത്തുള്ളയുടെ മരണത്തിൽ അനുശോചിച്ചു. റിയാദിലെ സാമൂഹ്യ പ്രവർത്തന കാലഘട്ടത്തിൽ വലിയ പിന്തുണ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. റഹ്മത്തുള്ള എന്ന് മാധ്യമ പ്രവർത്തകനായ ഉബൈദ് എടവണ്ണ പറഞ്ഞു. റിയാദിലെ സാംസ്‌കാരിക രംഗത്തിനും പ്രവാസലോകത്തിനും വലിയ വിടവായിരിക്കും ഡോ. റഹ്മത്തുള്ളയുടെ വിയോഗം സൃഷ്ടിക്കുക എന്ന് മാധ്യമ പ്രവർത്തകൻ നാസർ കാരന്തുർ പറഞ്ഞു.


ഇന്ത്യൻ സ്കൂൾ ഹെഡ് മിസ്ട്രസും സാമൂഹ്യ പ്രവർത്തകയുമായ മൈമൂന അബ്ബാസ്, ഡൽഹി പബ്ലിക് സ്കൂൾ അദ്ധ്യാപിക പത്മിനി യു. നായർ, ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ സലാഹ് കാരാടൻ, ജീവകാരുണ്യ പ്രവർത്തകൻ ലത്തീഫ് തെച്ചി, റിയാദ് തമിഴ് സംഘം ഭാരവാഹി അഹമ്മദ് ഇംതിയാസ്, അലിഫ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ലുഖ്‌മാൻ പാഴൂർ, കെ.എം.സി.സി റിയാദ് പ്രസിഡന്‍റ് സി പി മുസ്തഫ, ഓ ഐ സി സി ഭാരവാഹിയും മാധ്യമ പ്രവർത്തകനുമായ ഷംനാദ് കരുനാഗപ്പള്ളി, സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഇസ്മായിൽ എരുമേലി, സ്റ്റാൻലി ജോസ്, ഫൈസൽ ബിൻ അഹമ്മദ്, പ്രദീപ് മേനോൻ, എം. എസ്. എസ് റിയാദ് ചാപ്റ്റർ പ്രസിഡന്റ് നൗഷാദലി കോഴിക്കോട്, കെ ബി എഫ് പ്രതിനിധി മിർഷാദ് ബക്കർ, തുടങ്ങിയവരും ഡോ. റഹ്മത്തുള്ളയുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ചെന്നെയിൽ സ്ഥിരതാമസമായ ഡോ. റഹ്മത്തുള്ളയുടെ ഭാര്യ ഷമീം. മുഹമ്മദ് അഷ്‌റഫ് മകനും ജിദ്ദയിലെ കുടുംബത്തോടൊപ്പം കഴിയുന്ന ഷെറിൻ ഫർഹാന ഏക മകളുമാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ