ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രവേശന നിയന്ത്രണം വീണ്ടും പുതുക്കി
Saturday, May 15, 2021 4:54 PM IST
ബെര്‍ലിന്‍: ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രവേശന നിയന്ത്രണം വീണ്ടും പുതുക്കി. ഇതനുസരിച്ച് വാക്സിനേഷന്‍ എടുത്തവര്‍ക്കും കൊറോണ വന്നു സുഖപ്പെട്ട് ആരോഗ്യം പൂര്‍വ്വസ്ഥിതിയില്‍ ആയവരും നെഗറ്റീവ് പരിശോധന നടത്തിയ ആളുകള്‍ക്കും ജര്‍മ്മനിയില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. മാത്രവുമല്ല ഇവർക്ക് ക്വാറന്‍റൈ സൗകര്യം ആവശ്യമില്ല.

എന്നാൽ യൂറോപ്യന്‍ യൂണിയനില്‍ അംഗീകരിച്ച വാക്സിന്‍ വാക്സിനേഷന്‍ ലഭിച്ചവരെ മാത്രമേ വാക്സിനേഷന്‍ എടുത്തവരായി പരിഗണിക്കുകയുള്ളൂ. അതായത് ഇയുവിന്റെ അംഗീകാരമുള്ള നിലവില്‍ ഫൈസര്‍ബയോടെക്, മോഡേണ, അസ്ട്രസെനെക്ക, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്സിനുകൾ എടുത്തവർക്കാണ് ഈ പരിഗണന ലഭിക്കുക.
എന്നാല്‍ ഇന്ത്യപോലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള അല്ലെങ്കില്‍ മ്യൂട്ടേഷന്‍ ഏരിയയില്‍ നിന്നുള്ള യാത്രക്കാർ ഉറപ്പായും ക്വാറന്‍റൈനിൽ പോകണം.

കാബിനറ്റിന്‍റെ പുതിയ എന്‍ട്രി റെഗുലേഷന്‍ തീരുമാനങ്ങള്‍ വളരെ ഷോര്‍ട്ടായി ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ ട്വീറ്റ് ചെയ്യുകയാണുണ്ടായത്. സുഖകരവും പ്രതിരോധ കുത്തിവയ്പുള്ളതുമായ ആളുകള്‍ക്കായി പ്രത്യേക നിയന്ത്രണ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വാക്സിനേഷന്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് പോലും ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജര്‍മനിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ സ്വയം ക്വാറന്‍റൈനൊപ്പം നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും കരുതണം. കുട്ടികളോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വാക്സിനേഷന്‍ എടുത്ത മാതാപിതാക്കള്‍ക്ക് ഇത് ഒരു പരിഹാരമാണ്.

ഏപ്രില്‍ 26 മുതല്‍ ഇന്ത്യക്കാര്‍ക്ക് ജര്‍മനിയിലേയ്ക്കുള്ള യാത്രാ വിലക്കിന്‍റെ സാഹചര്യത്തില്‍ ആര്‍ക്കൊക്കെ വരാന്‍ സാധിയ്ക്കും ? ഗതാഗത നിരോധനം, വൈറസ് വേരിയന്‍റ് ഏരിയകളില്‍ നിന്നുള്ള പ്രവേശന നിയന്ത്രണങ്ങള്‍ എന്നിവയിലെ അപവാദങ്ങള്‍ എന്തൊക്കെയാണ് ?

ജര്‍മ്മന്‍ പൗരന്മാരും ജര്‍മ്മന്‍ പൗരന്മാരുടെ കുടുംബത്തിലെ അംഗങ്ങള്‍, റജിസ്റ്റർ ചെയ്ത പങ്കാളികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടും.

ജര്‍മനിയില്‍ താമസിക്കാന്‍ അവകാശവുമുള്ള വ്യക്തികള്‍; അതായത് വീസ കാറ്റഗറികളായ പി ആര്‍, ഔഫന്താള്‍സ് ടൈറ്റില്‍ ഉള്ളവരും ജര്‍മ്മനിയിലെ ഒരു വിമാനത്താവളത്തില്‍ ട്രാന്‍സിറ്റായി മാത്രം വരുന്ന ആളുകള്‍ (ജര്‍മ്മനിയില്‍ താമസിക്കാത്ത), എന്നാല്‍ ഷെങ്കന്‍ രാജ്യങ്ങളില്‍ പോകാനുള്ളവര്‍ക്ക് അനുവാദമില്ല. ചരക്ക് ഗതാഗത ഉദ്യോഗസ്ഥരും മറ്റ് ആവശ്യമായ ഗതാഗത ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകരും (ഡോക്ടര്‍മാരും, നഴ്സുമാരും) എയര്‍ ആംബുലന്‍സ് വിമാനങ്ങള്‍ക്കും ട്രാന്‍സ്പ്ളാന്‍റ് അവയവങ്ങളുടെ ഗതാഗതത്തിന് ആവശ്യമായ വിമാനങ്ങള്‍ക്കും ആവശ്യമായ എസ്കോര്‍ട്ടുകള്‍ നടത്തുന്നവര്‍,അടിയന്തിര മാനുഷിക കാരണങ്ങളായ മരണം, ഒന്നാം ഡിഗ്രി ബന്ധുക്കള്‍ (പങ്കാളികള്‍, റജിസ്റ്റർ ചെയ്ത പങ്കാളികള്‍, സ്വന്തംകുട്ടികള്‍ അല്ലെങ്കില്‍ മാതാപിതാക്കള്‍),സ്വന്തം കുട്ടിയുടെ ജനനം, പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയുടെ ഉത്തരവദിത്വപ്പെട്ടവര്‍, സൂക്ഷിപ്പുകാരും ഇല്ലെങ്കില്‍ രണ്ട് അടുത്ത ബന്ധുക്കള്‍,വൈദ്യചികിത്സ, ആരോഗ്യത്തിന് കാര്യമായ പ്രശ്നങ്ങള്‍ പ്രതീക്ഷിക്കേണ്ടിവരും (ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിനൊപ്പം) ഒപ്പം അനുഗമിക്കുന്ന വ്യക്തിയും ജീവിതത്തിനോ അവയവത്തിനോ അപകടമുണ്ടായാല്‍ മാനുഷിക കാരണങ്ങളാല്‍ വ്യക്തിഗത റെക്കോര്‍ഡിംഗുകള്‍ നടത്തണം.

ഇന്‍റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ), യുറാറ്റോം സെക്യൂരിറ്റി മോണിറ്ററിംഗ്, ഐക്യരാഷ്ട്രസഭ (യുഎന്‍) അല്ലെങ്കില്‍ ഐക്യരാഷ്ട്ര സംഘടനകള്‍ക്ക് വേണ്ടി യാത്ര ചെയ്യുന്ന വ്യക്തികള്‍. ഒഴിവാക്കലിനുള്ള ബന്ധപ്പെട്ട കാരണം രാജ്യത്ത് പ്രവേശിക്കുമ്പോഴോ വീസക്കോ അപേക്ഷിക്കുമ്പോഴോ വിശ്വസനീയവും രേഖപ്പെടുത്തേണ്ടതുമാണ്. അടിയന്തര മാനുഷിക കാരണങ്ങളാല്‍ പ്രവേശിക്കുന്ന കേസുകളില്‍, കോണ്‍സുലര്‍ സര്‍ട്ടിഫിക്കറ്റ് വഴി ഇത് സ്ഥിരീകരിക്കാന്‍ കഴിയേണ്ടതാണ്. യാത്രക്കാര്‍ ജര്‍മ്മനിയില്‍ പ്രവേശിക്കുന്നതിന് നിലവിലുള്ള യാത്രാ ചട്ടങ്ങള്‍ പാലിക്കണം.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ റിക്കാർഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് മുമ്പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചു. 4,205 മരണങ്ങള്‍ കൂടി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്തത്തില്‍, മരണങ്ങളുടെ എണ്ണം 2,54 197 ആയി ഉയര്‍ന്നു. അണുബാധ 3,48, 421 വര്‍ദ്ധിച്ച് 23.34 ദശലക്ഷത്തിലെത്തി. ലോകാരോഗ്യസംഘടനയുടെ അറിയിപ്പ് പ്രകാരം 44 ലധികം രാജ്യങ്ങളില്‍ ഈ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസ് വേരിയന്‍റ് ബി.1.617 ഇതിനകം 44 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഒക്ടോബറില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട മ്യൂട്ടന്റ് 4,500 ലധികം സാമ്പിളുകളില്‍ ഒരു ഡാറ്റാബേസിലെ റിപ്പോര്‍ട്ടുപ്രകാരം 44 രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയതായി യുഎന്‍ സംഘടന ബുധനാഴ്ച അറിയിച്ചു. നിലവില്‍ മറ്റ് അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള തെളിവുകളുടെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

ഇന്ത്യക്ക് പുറത്ത്, ഗ്രേറ്റ് ബ്രിട്ടനില്‍ വൈറസ് വേരിയന്‍റുമായി ബന്ധപ്പെട്ട മിക്ക കേസുകളും കണ്ടെത്തി. ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ബി.1.617 നെ അതിമാരകം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം ഈ വകഭേദം കൂടുതല്‍ പകര്‍ച്ചവ്യാധിയും ആന്‍റിബോഡികളോട് സംവേദനക്ഷമത കുറഞ്ഞതുമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍