മെൽബൺ ഫെഡ് ലൈവ് സംഗീത മത്സരത്തിൽ വിജയക്കൊടി പാറിച്ച് മലയാളി പെൺകുട്ടി
Friday, December 11, 2020 6:17 PM IST
കൊച്ചി: വിക്ടോറിയ സംസ്ഥാന സർക്കാരിനു കീഴില്‍ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ് സ്‌ക്വയര്‍ സാംസ്‌കാരിക സംഘടന നടത്തിയ ഫെഡ് ലൈവ് സംഗീത മത്സരത്തിൽ മലയാളിയായ ജെസി ഹില്ലേൽ ഒന്നാം സ്ഥാനവും ഒരു ലക്ഷം ഡോളര്‍ വില വരുന്ന സമ്മാനങ്ങളും സ്വന്തമാക്കി.

" ദ് റെയിന്‍' എന്ന ഗാനമാണ് ജെസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഗാനത്തിന്‍റെ രചനയും സംഗീതവും കംപോസിംഗും ജെസി തന്നെയാണ് നിര്‍വഹിച്ചത്. ക്ലാസിക് വെസ്റ്റേണും ആധുനിക സംഗീതവും കൂട്ടിയിണക്കി മികച്ച രീതിയിലാണ് ജെസി അവതരിപ്പിച്ചതെന്ന് ജൂറി വിലയിരുത്തി.

വിക്ടോറിയന്‍ സംഗീതത്തെ പ്രോത്സാഹിക്കുന്ന ഫെഡ് സ്‌ക്വയര്‍ സംഗീത പരിപാടിയായ ഫെഡ് ലൈവില്‍ അവസാന പത്തുപേരില്‍ നിന്നും പ്രേക്ഷകരുടെ വോട്ടിംഗിലൂടെയാണ് ന്യൂസിലൻഡില്‍ ജനിച്ചു വളര്‍ന്ന ജെസിയെ ഒന്നാമതെത്തിച്ചത്.

ഡിസംബര്‍ 19ന് ഫെഡ് സ്‌ക്വയറില്‍ ജെസിയുടെ ലൈവ് സംഗീത നിശ അരങ്ങേറും.

മൊണാഷ് സര്‍വകലാശാലയിലെ സംഗീത വിദ്യാര്‍ഥിനി കൂടിയാണ് ജെസി മെല്‍ബണിലെ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന റബി ബ്രിഗു ഹില്ലേലിന്‍റേയും സിഗി സൂസന്‍ ജോര്‍ജിന്‍റേയും മകളും കോട്ടയം സ്വദേശിയും റിട്ട. പ്രഫസറുമായ ഒ.എം മാത്യു- ജോളി ദമ്പതികളുടെ പേരക്കുട്ടിയുമാണ്.