സ്കൂളുകള്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഇറ്റലിയിൽ വിദ്യാര്‍ഥികള്‍ തെരുവില്‍ പഠിച്ചു
Wednesday, November 18, 2020 9:58 PM IST
ടൂറിന്‍: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്കൂളുകള്‍ അടച്ചിടുന്നതില്‍ ഇറ്റലിയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം. പലരും വഴിയരികില്‍ കസേരയിട്ടിരുന്ന് പഠിച്ചാണ് പ്രതിഷേധം അറിയിക്കുന്നത്.

രോഗവ്യാപനം ഗുരുതരമായ പല മേഖലകളിലും സ്കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈനിലാണ് ക്ലാസുകൾ നടക്കുന്നത്. എന്നാൽ സ്ക്രീനിലേക്കല്ല അധ്യാപകരുടെ മുഖത്തേക്കു നോക്കി പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പല വിദ്യാര്‍ഥികളും പറയുന്നു.

ചെറിയ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ അനുവാദമുണ്ട്. മുതിര്‍ന്ന കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും കടകളും ബാറുകളും റസ്റ്ററന്‍റുകളും അടഞ്ഞു കിടക്കുകയാണ്.

വാക്സിനുകൾക്കും കോവിഡ് വിരുദ്ധ മരുന്നുകൾക്കുമായി ഇറ്റലി 400 മില്യണ്‍ യൂറോ ബജറ്റ് ഫണ്ട് നീക്കിവച്ചു. ഇറ്റലിയിലെ പുതിയ കരട് ബജറ്റ് നിർദ്ദേശത്തിൽ കൊറോണയുടെ പരിഹാരത്തിനായി രോഗികളുടെ ചികിത്സയ്ക്കായി ആന്‍റി വാക്സിനുകളും മരുന്നുകളും വാങ്ങുന്നതിന് 400 ദശലക്ഷം യൂറോയാണ് ഉൾപ്പെടുത്തിയത്. എന്നാൽ ഏത് മരുന്നുകളോ വാക്സിനുകളോ ആണ് ആരോഗ്യ മന്ത്രാലയം വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

അതേസമയം പുതിയ ഒരു വാക്സിൻ പരീക്ഷണങ്ങളിൽ 94 ശതമാനം ഫലപ്രദമാണെന്ന് യുഎസ് കന്പനിയായ മോഡേണ പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച വീണ്ടും വാക്സിനുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ