മാക് ഓണം ആഘോഷിച്ചു
Thursday, September 3, 2020 7:19 PM IST
ലണ്ടൻ: ഗ്ലൗസിസ്റ്റർഷിറിന്‍റെ കോറ്റ്സവേൾഡ് നഗരമായ ചെൽട്ടൻഹാമിലെ മലയാളികൾ ആർപ്പുവിളികളും പൂക്കളവും ചെണ്ടമേളങ്ങളുമായി മാവേലി തമ്പുരാനെ ആനയിച്ചു ഓണം ആഘോഷിച്ചിരുന്ന പതിവിൽ നിന്നും ലോകം നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയിൽ മനഃസാന്നിധ്യം കൈവിടാതെ സ്നേഹത്തിന്‍റേയും ഐക്യത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും പ്രതീകമായ ഓണാഘോഷം സർക്കാരിന്‍റെ നിയന്ത്രണങ്ങൾക്കുവിധേയമായി ആഘോഷിച്ചു.

ആഘോഷത്തോടനുബന്ധിച്ചു കുട്ടികൾക്കായി നടത്തിയ ചെറുകഥാ, ചിത്രരചന, കൈയക്ഷരം, ഉപന്യസം, പ്രസംഗം, ലളിതഗാനം തുടങ്ങിയ മത്സരങ്ങൾക്ക് കൺവീനർമാരായ മിനി, സജിനി എന്നിവർ നേതൃത്വം നൽകി.

കൊറോണ എന്ന പകർച്ചവ്യാധി ആഘോഷങ്ങൾക്ക് തടസം ആയിരുന്നെങ്കിലും അതിനെ സധൈര്യം നേരിട്ട് മാക് അംഗങ്ങളുടെ കുടുംബങ്ങളിലേക്ക് ഓണപ്പൊലിമ നിറഞ്ഞ ആശംസ കാർഡും അതിനോടൊപ്പം ഓണക്കാലത്തു ഇരട്ടി മധുരം വിളമ്പികൊണ്ടു പഴം, പപ്പടം, പാലട പായസം, ശർക്കര വരട്ടി, കായവർത്തത് എന്നിവ അടങ്ങുന്ന ഓണകിറ്റും അസോസിയേഷനിലെ അംഗങ്ങളുടെ ഭവനങ്ങളിൽ എത്തിച്ചു നൽകിയത് മാക് കുടുംബാംഗങ്ങൾക്ക് വേറിട്ട ഒരു ഓണക്കാല അനുഭൂതി ഉളവാക്കി. ബെന്നി, തോമസ്, നിക്സൺ, ഡെന്നിൻ, ഡേവിസ്, സജി, ആഷ, ഫെൻസി, സ്മിത, മഞ്ജു എന്നിവർ ഇതിനു നേതൃത്വം നൽകി.