ഓൺലൈൻ പഠനം: നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം
Tuesday, June 23, 2020 4:02 PM IST
മെൽബൺ: കോവിഡ് 19 മൂലം സ്കൂളുകൾ തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിനായി നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം.

ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലെ നവോദയ യുണിറ്റുകൾ നടത്തിയ കാമ്പയിനിലൂടെ വിവിധ ജില്ലകളിലെ നിർധന കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32 ടിവിയും രണ്ട് ടാബും നവോദയ കൈമാറി.

വിവിധ ജില്ലകളിൽ നടന്ന ടിവി വിതരണ ചടങ്ങുകളിൽ എംഎൽഎ മാരായ സി.കെ ശശീന്ദ്രൻ, ആന്‍റണി ജോൺ , വീണ ജോർജ് തുടങ്ങിയ ജനപ്രതിനിധികളും മറ്റു പ്രമുഖ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. നവോദയ സെൻട്രൽ കമ്മിറ്റി അംഗം ജോളി ഉലഹന്നാൻ വിവിധ ഇടങ്ങളിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ലോക്ക് ഡൗൺ മൂലം ഓസ്ട്രേലിയയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി സഹായം എത്തിച്ചും ആരോഗ്യ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചും നവോദയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നു.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ