പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം; നിവേദനം നല്‍കി
Sunday, March 29, 2020 3:42 PM IST
ന്യൂഡല്‍ഹി: കോവിഡ്19 മൂലം മരണമടഞ്ഞ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം മാന്യതയോടെ കൈകാര്യം ചെയ്യേണ്ടതിനും അന്തസോടെ സംസ്‌കരിക്കേണ്ടതിനും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദേശരാജ്യത്തുള്ള ഇന്ത്യന്‍ എംബസികള്‍ക്കും ഹൈക്കമ്മീഷനുകള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പട്ട് പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യമന്ത്രലയത്തിനു നിവേദനം സമര്‍പ്പിച്ചു.

കോവിഡ്19 ലോകമെമ്പാടും വ്യാപിക്കുന്നതിന്റെ ത്രീവത ഇല്ലാതാക്കുവാന്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ വിമാന സര്‍വിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുമൂലം ആയിരകണക്കിന് പ്രവാസി ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇതില്‍ രോഗം ബാധിച്ച് വിദേശത്തു മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്തു മരിക്കുന്നവരുടെ മൃതശരീരം അവരുടെ ഇന്ത്യയിലുള്ള കുടുംബാഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വിട്ടുനല്‍കുന്നതിനോ, മത ആചാരപ്രകാരം വിദേശത്തു സംസ്‌കരിക്കുന്നതിനോ, സംസ്‌കാര ചടങ്ങില്‍ കുടുംബാഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പങ്കെടുക്കുന്നതിനോ, സംസ്‌കാരത്തിനുശേഷം മരിച്ചയാളുടെ ചിതാഭസ്മം നാട്ടിലേക്കെത്തിക്കുന്നതിനോ നിലവില്‍ യാതൊരുവിധ സംവിധാനങ്ങളും ഇല്ല.

ഈ സാഹചര്യത്തിലാണ് വിദേശത്തു മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം അവരുടെ മതാചാര പ്രകാരം സംസ്‌കരിക്കുവാനും, മരണാന്തര ചടങ്ങുള്‍ വിഡിയോകോള്‍ മുഖേനെ കുടുംബാംഗങ്ങളിലേക്കും ബന്ധുക്കളിലേക്കും തത്സമയം എത്തിക്കുവാനും, സംസ്‌കാരത്തിനുശേഷം ചിതാഭസ്മം അവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുവാനും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അതാത് രാജ്യത്തെ ഇന്ത്യന്‍ എംബസികള്‍ക്കും ഹൈക്കമ്മീഷനുകള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യമന്ത്രലയത്തിന് നിവേദനം സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് നല്‍കുന്ന അന്തസ്സിനും മാന്യതക്കുമുള്ള അവകാശം ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണശേഷം അവന്റെ മൃതശരീരത്തിനും നല്‍കണമെന്ന് വ്യകതമാക്കുന്നുവെന്നും, പാരമ്പര്യവും സംസ്‌കാരവും അനുസരിച്ച് ശവസംസ്‌കാര കര്‍മ്മം നടത്തുക, ചിതാഭസ്മം കുടുംബങ്ങള്‍ക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തിയുടെ അന്തസ്സിനുള്ള അവകാശത്തിന്റെ ഭാഗമായി കണക്കാക്കണമെന്ന് സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങളില്‍ ആവര്‍ത്തിക്കുന്നുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

മരണശേഷം പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ നിരക്ക് ക്രമപ്പെടുത്തണം, മൃതശരീരങ്ങള്‍ തൂക്കി നോക്കി വില നിര്‍ണ്ണയിക്കുന്ന രീതി അവസാനിപ്പിക്കണം, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതശരീരങ്ങള്‍ സൌജന്യമായി നാട്ടില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണം, ഭരണഘടന ഉറപ്പ് നല്‍കുന്ന അന്തസ്സ് കാത്തു സൂക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പ്രവാസി ലീഗല്‍ സെല്‍ മുന്‍പ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ കോടതി ഇടപെടുകയും അത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്