കോവിഡ് 19 ; മെർക്കലിന്‍റെ ആദ്യ പരിശോധനാഫലം നെഗറ്റീവ്
Tuesday, March 24, 2020 10:37 PM IST
ബർലിൻ: കൊറോണവൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ള ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ(65) ആദ്യ പരിശോധനാഫലം നെഗറ്റീവ്. 24 മണിക്കൂറിനുള്ളിൽ നടത്തുന്ന രണ്ടു ഫലങ്ങൾ നെഗറ്റീവായാലാണ് രോഗബാധയില്ലെന്ന് ഉറപ്പിക്കാൻ സാധിക്കുക.

സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ച ചാൻസലറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കൊറോണവൈറസ് ബാധിച്ച ഡോക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ചാൻസലർ നിരീക്ഷണത്തിലാകാൻ കാരണം.

എന്നാൽ, ശാരീരിക അവശതകളില്ലാത്തതിനാൽ ക്വാറന്‍റൈനിലിരുന്നും മെർക്കൽ തന്‍റെ ജോലികൾ തുടരുകയാണ്. പരിശോധനാഫലം പോസിറ്റീവായാൽ പോലും അവർക്ക് അവശതകളില്ലെങ്കിൽ ചുമതലകളിൽ തുടരാൻ സാധിക്കും. അതിനാവുന്നില്ലെങ്കിൽ പകരം സ്വീകരിക്കേണ്ട നടപടികൾ മന്ത്രിസഭ തീരുമാനിച്ചു കഴിഞ്ഞു.

രാജ്യത്തെ ഭരണഘടന അനുസരിച്ച്, ചാൻസലർ ചുമതലകൾ നിറവേറ്റാൻ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം മന്ത്രിസഭയിൽ നിന്ന് ഒരംഗത്തെ താത്കാലികമായി ചുമതല ഏൽപ്പിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യം വന്നാൽ ധനമന്ത്രി ഒലാഫ് ഷോൾസിനായിരിക്കും ചുമതല. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായ അദ്ദേഹമാണ് ചാൻസലർ ആരോഗ്യവതിയായിരിക്കുന്പോഴും അവരുടെ അസാന്നിധ്യത്തിൽ അവരെ പ്രതിനിധീകരിക്കാറുള്ളത്. ഉപചാൻസലറുടെ റാങ്കാണ് അദ്ദേഹത്തിനുള്ളത്. ക്യാബിനറ്റ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്.

ജർമനിയിലെ ആശുപത്രികൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ആരോഗ്യ മന്ത്രി ജെൻസ് സ്ഫാൻ.രാജ്യത്തുള്ള ആശുപത്രികൾക്ക് കൂടുതൽ ബെഡുകളോ കൂടുതൽ ജീവനക്കാരെയോ ആവശ്യമാണെങ്കിൽ എല്ലാ സഹായങ്ങളും നൽകാമെന്ന് മന്ത്രി അറിയിച്ചു. കൊറോണയ്ക്കുള്ള ചികിത്സ പൂർണമായും സൗജന്യമായിരിക്കും. ഒരു ബെഡിന് 560 യൂറോ വീതം ആശുപത്രികൾക്കു ബോണസ് നൽകും. വെന്‍റിലേറ്ററുകളോടു കൂടിയ ഇന്‍റൻസീവ് കെയർ ബെഡുകൾക്ക് അന്പിനായിരം യൂറോ ഗ്രാന്‍റായും നൽകുമെന്നും മന്ത്രി പറഞ്ഞു.

വൈറസ് പടർത്താൻ ടിക്കറ്റ് മെഷീനിൽ നക്കിയ ആൾ അറസ്റ്റിൽ

കൊറോണ വൈറസ് പടർത്തുക എന്ന ലക്ഷ്യത്തോടെ സബ്വേ ടിക്കറ്റ് മെഷീനിൽ നക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. രോഗം പടർത്താനാണ് ഇതു ചെയ്തതെന്നാണ് പോലീസിനോടു ഇയാൾ പറഞ്ഞത്.

ടിക്കറ്റ് മെഷീനിൽ നക്കുന്നത് മറ്റൊരാൾ വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഒന്നിലധികം മെഷീനുകളിലും ഒരു എസ്കലേറ്ററിന്‍റെ ഹാൻഡ്റെയ് ലുകളിലും ഇയാൾ നക്കിയിട്ടുള്ളതായാണ് സൂചന. അതേസമയം, ഇയാൾ കോവിഡ്~19 ബാധിനാണോ എന്നുറപ്പില്ല. ഇതിനായി പരിശോധന നടത്തും.

അതേസമയം കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജർമനി നടപ്പിലാക്കിയ പുതിയ ചട്ടങ്ങൾ ലംഘിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പോലീസും നിയമപാലകരും രാജ്യത്തെ പെട്രോളിംഗ് ശക്തമാക്കി. ഇതിന്‍റെയടിസ്ഥാനത്തിൽ നിരവധിയാളുകൾ പോലീസ് വലയിലാവുകയും പിഴയടയ്ക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ജർമനിയിൽ ഇതുവരെയായി 31,370 പേരെ വൈറസ് ബാധിച്ചിട്ടുണ്ട്. ഇതിൽ മൂന്നു മലയാളികളും ഉൾപ്പെടുന്നു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെയായി 132 പേരാണ് മരിച്ചത്. 749 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

ജർമനിയിൽ ജനങ്ങളുടെ നേരിട്ടുള്ള സാമൂഹ്യ ഇടപെടലും ഒത്തുകൂടലും കുറയ്ക്കാൻ സർക്കാർ തിങ്കളാഴ്ച നടപ്പിലാക്കിയ ചട്ടങ്ങൾ വൈറസ് ബാധ പടരുന്നതിൽ കുറവു വന്നിട്ടള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.

അതിനിടെ ഇറ്റലിയിൽ നിന്നുള്ള കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ നൽകാൻ ജർമനി തയാറായി. ജർമനിയിലെ സാക്സോണി സംസ്ഥാനത്തിലെ ആശുപത്രികളിൽ ചികിത്സിക്കാനാണ് കൊറോണ വൈറസ് ബാധിച്ച ആറു രോഗികളെ ഇറ്റലിയിൽ നിന്നും എത്തിച്ചത്. ഇറ്റലിയിൽ നിന്നുള്ള അഭ്യർഥനപ്രകാരമാണ് ഇത്തരമൊരു നടപടിക്കു മുതിർന്നതെന്ന് സാക്സോണി മുഖ്യമന്ത്രി മൈക്കൽ ക്രെറ്റ്ഷ്മർ അറിയിച്ചു. ലോംബാർഡിയിൽ നിന്നുള്ള ആറ് രോഗികളെയാണ് കൊണ്ടുവന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ