ഗോൾഡ് കോസ്റ്റിൽ മാതാവിന്‍റെ തിരുനാൾ
Monday, October 21, 2019 9:52 PM IST
ഗോൾഡ് കോസ്റ്റ്, ഓസ്ട്രേലിയ: ഗോൾഡ് കോസ്റ്റ് സീറോ മലബാർ കാത്തലിക് മിഷനിൽ എല്ലാ വർഷവും നടത്തിവരുന്ന മാതാവിന്‍റെ തിരുനാൾ ഒക്ടോബർ 27 ന് (ഞായർ) ആഘോഷിക്കുന്നു.

ഒക്ടോബർ 25 ന് (വെള്ളി) വൈകുന്നേരം 5 ന് ഭവനങ്ങൾ തോറും നടന്നു വരുന്ന ജപമാലയുടെ സമാപനവും വിശുദ്ധ കുർബാനയും വചനപ്രഘോഷണവും നെരാഗ് പള്ളിയിൽ ഉണ്ടായിരിക്കും. പ്രശസ്ത മ്യൂസിക് ഡയറക്ടറും വചന പ്രഘാഷകനുമായ ബ്രദർ സണ്ണി സ്റ്റീഫൻ വചന സന്ദേശം പങ്കുവയ്ക്കും.

26 ന് വൈകുന്നേരം 3.30ന് ബ്രിസ്ബെൻ സൗത്ത് പള്ളി വികാരി ഫാ. അബ്രഹാം കഴുന്നടിയിൽ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമം നിർവഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. പ്രധാന തിരുനാൾ ദിനമായ 27 ന് നെരാഗ് സെന്‍റ് ബ്രിജിഡ് ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ പാട്ടുകുർബാനക്ക് ഫാ. തോമസ് അരീക്കുഴി, ഫാ. വർഗീസ് വാവോലിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ നടക്കും.

തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. വർഗീസ് വാവോലിൽ, കൈക്കാരന്മാരായ ടോമി തോമസ്, ജോമി മാത്യു, സിബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ചെറിയാൻ തോമസ്