മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ ജപമാല രാഞ്ജിയുടെ തിരുനാൾ
Saturday, September 28, 2019 4:51 PM IST
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാൾ സെപ്റ്റംബർ 22 ന് ഫോക്നർ സെന്‍റ് മാത്യൂസ് ചർച്ചിൽ ആഘോഷിച്ചു.

സെപ്റ്റംബർ 15 നു ചാപ്ലയിൻ ഫാ. പ്രിൻസ് തൈപുരയിടത്തിലിന്‍റെ കാർമികത്വത്തിൽ കൊടിയേറ്റും ഫാ. റോജൻ വിസി നയിച്ച കുടുംബ നവീകരണ ധ്യാനവും നടന്നു.

സെപ്റ്റംബർ 22 ന് ആഘോഷമായ ദിവ്യബലിക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യ കാർമികത്വം വഹിച്ചു. മുൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ സഹകാർമികനായിരുന്നു. കുർബാന മധ്യേ ക്നാനായ മിഷനിലെ 12 കുട്ടികൾ ആദ്യ കുർബാന സ്വീകരിച്ചു.

37 യുവജനങ്ങൾ പ്രസുദേന്തിമാരായ തിരുനാൾ മറ്റു യുവജനങ്ങൾക്ക്‌ ഒരു മാതൃകയാണെന്ന് മാർ ജോസഫ് പണ്ടാരശേരിൽ ആമുഖപ്രസംഗത്തിൽ സൂചിപ്പിച്ചു. സെന്‍റ് മേരിസ് ക്നാനായ കാത്തലിക് മിഷന്‍റെ വളർച്ചക്ക് മറ്റൊരു നാഴിക കല്ല് സമ്മാനിച്ചുകൊണ്ട് ഇടവകയായി ഉയർത്തിക്കൊണ്ടുള്ള മെൽബൺ സീറോ മലബാർ രൂപത മെത്രാൻ മാർ ബോസ്കോ പുത്തൂരും ചാൻസലർ ഫാ. മാത്യു കൊച്ചുപുരക്കലും ഒപ്പിട്ട ഡിക്രീ വിശുദ്ധ കുർബാന മദ്ധ്യേ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ വായിച്ചു.

തുടർന്നു നടന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും മെൽബണിലെ ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷനിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വനിതകൾ മുത്തുകുടകളും ബീറ്റ്‌സ് ബൈ സെന്‍റ് മേരിസിന്‍റെ ചെണ്ടമേളവും നാസിക്‌ഡോളും പ്രദക്ഷിണത്തിനു വർണപകിട്ടേകി.

തുടർന്നു വിശുദ്ധ കുർബാനയുടെ വാഴ്വും അടുത്ത വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്താൻ തയാറായ മെൽബൺ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷനിലെ വനിതകളുടെ പ്രസുദേന്തി വാഴ്ചയും നടന്നു. പള്ളിമുറ്റത്ത് നടത്തപ്പെട്ട മെൽബൺ കെസിവൈഎൽ ഫ്ലാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

പാരിഷ് ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മാർ പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു. ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ മാത്യു കൊച്ചുപുരക്കൽ, ഫാ. വർഗീസ്, ഫാ. ജോസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ കൂടാരയോഗങ്ങൾ നടത്തിയ കലാപരിപാടികൾ തിരുനാളിന് മാറ്റു കൂട്ടി. ഓഗസ്റ്റിൽ നടന്ന ബൈബിൾ കലോത്സവത്തിന്‍റെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓവർ ഓൾ ചാമ്പ്യൻഷിപ്പിന് അർഹനായ ജോഷ്വ അനീഷ് കാപ്പിൽ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. സമ്മാനത്തിന് അർഹരായവരെയും കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും പിതാക്കന്മാർ അനുമോദിച്ചു.

ക്നാനായ മിഷന്‍റെ നേതൃത്വത്തിൽ നടന്ന പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളിൽ പങ്കെടുത്ത പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുനാളിനു വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ നന്ദി പറഞ്ഞു.

കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുനാൾ പ്രേസുദേന്തിമാരായ 37 യുവജനങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സോളമൻ പാലക്കാട്ട്