സിംഗപ്പൂരിൽ എട്ടുനോമ്പ് തിരുനാളും വനിതാ ധ്യാനവും
Tuesday, September 10, 2019 9:05 PM IST
സിംഗപ്പൂർ: സീറോ മലബാർ കാത്തലിക് സിംഗപ്പൂർ (SMCS) കമ്യൂണിറ്റിയൂടെ നേതൃത്വത്തിൽ വനിതകൾക്കായി ധ്യാനവും പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവിത്തിരുന്നാളും സെപ്റ്റംബർ 7, 8 തീയതികളിൽ വുഡ് ലാൻസിലുള്ള സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ ആഘോഷിച്ചു.

രണ്ടു ദിവസത്തെ ധ്യാനത്തിന് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നൽകി. പരിഷ്‌കൃതരെന്നു നമ്മൾ സ്വയം അവകാശപ്പെടുമ്പോഴും മാറിയ സാംസ്കാരിക പശ്ചാത്തലത്തിലും തിരക്കുപിടിച്ചതും സങ്കീർണവുമായ മെട്രോ-കോസ്മോപോളിറ്റൻ നഗര ജീവിതത്തിൽ കുടുംബങ്ങളിലെ ക്രിസ്തീയമായ മൂല്യങ്ങളും ധാർമികതയും പാരമ്പര്യങ്ങളും നിലനിർത്തുവാനും അത് വരും തലമുറയ്ക്ക് പകർന്നു കൊടുക്കുവാനും ആരോഗ്യകരമായ കുടുംബബന്ധങ്ങളെ പരിപോഷിപ്പിക്കുവാനും മകൾ, ഭാര്യ, അമ്മ, സഹോദരി, കൂട്ടുകാരി, എന്നീ നിലകളിലുള്ള സ്ത്രീയുടെ ഉത്തരവാദിത്വത്തിന്‍റെ മഹനീയതകൾ അദ്ദേഹം വിശദമായി പ്രതിപാദിച്ചു.

ആദ്യ ദിവസം ഫാ. സാം തടത്തിൽ സ്വാഗതവും സമാപന ദിവസം SMCS പ്രസിഡന്‍റ് ഡോ. റോയ് ജോസഫ് നന്ദിയും പറഞ്ഞു. ധ്യാനത്തോടനുബന്ധിച്ചു സീറോ-മലബാർ കാത്തലിക് സിംഗപ്പൂർ (SMCS) വനിതാ വിഭാഗത്തിന്‍റെ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇതുമൂലം കൂടുതൽ സ്ത്രീ-പ്രാതിനിധ്യം ഉണ്ടാകും. SMCS വൈസ് പ്രസിഡന്‍റ് വിനീത തോമസ് പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്:ബിനോയ് വർഗീസ്