വിയന്ന മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Monday, September 9, 2019 9:59 PM IST
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍റെ ഓണാഘോഷവും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷവും സംയുക്തമായി വിവിധ കലാപരിപാടികളോടെ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആഘോഷിച്ചു.

രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ 120 ഓളം വരുന്ന കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി. വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്.

പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്‍റ് ഫിലിപ്പ് ജോണ്‍ കുറുംതോട്ടിക്കല്‍ നിർവഹിച്ചു. വി എം എയുടെ കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകട്ടെയെന്ന് ഇന്ത്യന്‍ കോണ്‍സുലാര്‍ ആനന്ദകുമാര്‍ സോമാനി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

ജില്ലാ ഭരണാധികാരി ബിഷപ് ജെരാള്‍ഡ് ഓരോ വര്‍ഷം പിന്നിടുമ്പോഴും അടുക്കും ചിട്ടയോടുംകൂടെയുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ വി എം എയ്ക്ക് കഴിയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.

പി. ബിജുവന്‍റെ "രാത്രി പകലിനോട് പറഞ്ഞത് ' എന്ന നാടകവും മണിനാദവും ഡോ. റൂബി കെ. ജോണ്‍ അണിയിച്ചൊരുക്കിയ നൃത്തവും പരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരുന്നു.ചാരിറ്റി ചെയര്‍മാന്‍ മാത്യു കിഴക്കേക്കര വി എം എയുടെ ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചു.മോനിച്ചന്‍ കളപ്പുരക്കല്‍ കഥ , തിരക്കഥ , സംവിധാനം ചെയ്ത തിരികള്‍ എന്ന ഷോര്‍ട്ട് ഫിലിം പരിപാടിയില്‍ റിലീസ് ചെയ്തു.

ഫിലിപ്പ് ജോണ്‍ കുറുംതോട്ടിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍ സ്വാഗതവും ജോര്‍ജ്ജ് ഞൊണ്ടിമാക്കല്‍ നന്ദിയും പറഞ്ഞു.

സണ്ണി മണിയഞ്ചിറ, സോണി ചേന്നുംങ്കര, രഞ്ജിത് കുറുപ്പ്, ലിന്‍ഡോ പാലക്കുടി, ജെന്‍സന്‍ ജോര്‍ജ്ജ്, സോജറ്റ് ജോര്‍ജ്ജ്, സുനീഷ് മുണ്ടിയാനിക്കല്‍, ജെറിന്‍ ജോര്‍ജ്, വര്‍ഗീസ്‌ വിതയത്തില്‍, വര്‍ഗീസ് മാത്യു, ബ്രിട്ടോ അടിച്ചില്‍, അജയ് ജോയ്, സാബു പള്ളിപ്പാട്ട്, തോമസ്‌ ഇലഞ്ഞിക്കല്‍, ഷീന ഗ്രിഗറി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിക്കോള്‍ തുപ്പത്തി , ഫിജോ കുളത്തികുളങ്ങര എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍