യോര്‍ക്ക് മലയാളികളുടെ ഓണാഘോഷം വര്‍ണാഭമായി
Monday, September 9, 2019 12:09 PM IST
യോര്‍ക്ക്: ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണകളുമായി യോര്‍ക്കിലെ മലയാളി കൂട്ടായ്മയായ 'മെയ'് ഓണാഘോഷം നടത്തി. ഒരു മുഴുവന്‍ ദിന പരിപാടിയായി സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ മുഴുവന്‍ കുടുംബാങ്ങങ്ങളും സകുടുംബം പങ്കു ചേര്‍ന്നു.

ഓണത്തിന്റെ ഓര്‍മകളുണര്‍ത്തി തിരുവാതിരകളിയും, വള്ളം കളിയും, മാവേലിയെ വരവേല്‍പ്പും, ചെണ്ടമേളവും ഉള്‍പ്പടെ നാടിന്റെ സ്മരണകളും , ഓണം നല്‍കുന്ന മലയാളിത്തം തുളുമ്പുന്ന സാംസ്‌കാരിക പരിപാടികളുമായി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഓരോ യോര്‍ക്ക് മലയാളിയുടെയും മനസില്‍ അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. കുട്ടികളും, മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, കുട്ടനാടിന്റെ ഹൃദയ സ്പന്ദനങ്ങള്‍ നിറച്ച കേരളത്തിന്റെ സാംസ്‌കാരിക പ്രതീകമായ വള്ളം കളി, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും എല്ലാവരും നാനായി ആസ്വദിച്ചു . ഓണത്തോടനുബന്ധിച്ചു നടത്തിയ വിവിധ കലാപരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്തു.

പ്രസിഡന്റ് ജോബി, സെക്രെട്ടറി രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ ജിന്‍സി ,മോഡി, ലിജോ സ്റ്റീജ എന്നിവരാണ് പരിപാടികള്‍ ഏകോപിപ്പിച്ചത് . സഞ്ജയുടെ നേതൃത്വത്തില്‍ ജീത, ഹെന്റി എന്നിവരാണ് ആഘോഷ പരിപാടികളുടെ അവതാരകരായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍