കാലാവസ്ഥ ഉച്ചകോടി ; പായ് വഞ്ചിയിൽ ഗ്രീറ്റ തൂണ്‍ബർഗ് സാഹസിക യാത്രയാരംഭിച്ചു
Friday, August 16, 2019 9:45 PM IST
ലണ്ടൻ: കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശബ്ദമുയർത്തി ലോകതാരമായി മാറിയ പരിസ്ഥിതി പ്രവർത്തക ഗ്രീറ്റ തൂണ്‍ബർഗ് (16) സെപ്റ്റംബർ 23ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനായി പായ് വഞ്ചിയിൽ (യോട്ട്, മലിസിയ കക) ഇംഗ്ലണ്ടിലെ പ്ലേമൗത്ത് മെഫ്ലവർ തുറമുഖത്തു നിന്നും യാത്ര തിരിച്ചു.

ഗ്രീറ്റ എന്ന സ്വീഡിഷ് പെണ്‍കുട്ടിയുടെ പിതാവ് സാവന്‍റായും ഉൾപ്പെടുന്ന ടീം മെലിസിയ സംഘത്തെ യാത്രയാക്കുവാൻ തദ്ദേശവാസികൾക്കൊപ്പം നൂറിലധികം മാധ്യമപ്രവർത്തകരും മെഫ്ലവർ തുറമുഖത്ത് എത്തിയിരുന്നു.

3000 നോട്ടിക്കൽ മൈൽ സഞ്ചരിച്ചു 14 ദിവസം കൊണ്ട് യുഎസിലെ ന്യൂയോർക്ക് തുറമുഖത്ത് എത്താനാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നത്. വടക്കൻ അറ്റ്ലാന്‍റിക് കടൽ മുറിച്ചു വേണം ഇവർ യാത്ര ചെയ്യേണ്ടത്. കടലിലെ വൻതിരമാലകൾ പായ് വഞ്ചികൾക്ക് മിക്കപ്പോഴും പേടിസ്വപ്നമാണെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് ഗ്രീറ്റിന്‍റെയും സംഘത്തിന്‍റെയും സാഹസിക യാത്ര. ജീവൻ പൊലിഞ്ഞാലും കാലാവസ്ഥ പരിസ്ഥിതിയുടെ പേരിൽ തന്‍റെ ശബ്ദം ലോകം ശ്രദ്ധിക്കുമെന്നും യാത്രാമംഗളങ്ങൾ നേർന്ന മാദ്ധ്യമസുഹൃത്തുക്കളോട് പ്രതികരിച്ചു.സാഹസിക യാത്രയാണെങ്കിലും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആധുനികമായ എല്ലാ സജ്ജീകരണങ്ങളും വഞ്ചിയിലുണ്ട്.

ഇതിനിടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പട പൊരുതുന്ന കൗമാര ആക്റ്റിവിസ്റ്റ് ഗ്രീറ്റ് തൂണ്‍ബർഗിനെ പരോക്ഷമായി പരിഹസിച്ചു പരാമർശം നടത്തിയ ബ്രെക്സിറ്റ് കാംപെയ്നർ ആറോണ്‍ ബാങ്ക്സ് വിവാദത്തിലാായി. ഗ്രീൻ പാർട്ടി എംപി കരോലിൻ ലൂക്കാസ് അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ ബാങ്ക്സിനെ രൂക്ഷമായി വിമർശിച്ചു.

ഗ്രെറ്റ് തൂണ്‍ബർഗ് അറ്റ്ലാന്‍റിക് കടക്കാൻ യോട്ടിൽ യാത്ര ചെയ്യുന്നതു സംബന്ധിച്ചായിരുന്നു പരാമർശം. ഓഗസ്റ്റിൽ അറ്റ്ലാന്‍റിക് മേഖലയിൽ യോട്ട് അപകടങ്ങൾ പതിവാണെന്നായിരുന്നു ബാങ്ക്സിന്‍റെ പരാമർശം. വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രീറ്റ് പായ് വഞ്ചിയിൽ കടൽ കടക്കുന്നത്. ന്യൂയോർക്കിലും ചിലിയിലും നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനാണ് യാത്ര.

ബാങ്ക്സിന്‍റെ കമന്‍റ് താൻ റിപ്പോർട്ട് ചെയ്തതായി കരോലിൻ അറിയിച്ചു. എന്നാൽ, താനൊരു തമാശ പറഞ്ഞതാണെന്ന നിലപാടിലാണ് ഇപ്പോൾ ബാങ്ക്സ്. മൊത്തോക്കോയിലെ രാജകുടുംബമാണു ഗ്രീറ്റായുടെ സ്പോണ്‍സർ. യുഎസിൽ എത്തി പ്രസിഡന്‍റ് ട്രംപിനെ കാണുമോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉറച്ച തീരുമാനം ഗ്രീറ്റാ പറഞ്ഞതുമില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ