ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് വ്യക്തിത്വ പദവി
Saturday, February 1, 2025 10:45 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് ഒരു വ്യക്തിക്കു ലഭിക്കുന്ന അവകാശങ്ങൾ നൽകി സർക്കാർ. ഒരു മനുഷ്യനുള്ള അധികാരങ്ങൾ, കടമകൾ, ഉത്തരവാദിത്വങ്ങൾ, ബാധ്യതകൾ എന്നിവ പർവതത്തിനു നൽകുന്ന നിയമം വ്യാഴാഴ്ചയാണു പാസാക്കിയത്.
ന്യൂസിലൻഡിലെ ഗോത്രവിഭാഗമായ മാവോരികൾ പാവനമായി കരുതുന്ന പർവതമാണിത്. ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലുള്ള 2518 മീറ്റർ ഉയരമുള്ള മൗണ്ട് തരാനാകി പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. തരാനാകി മൗംഗ എന്നും പർവതം അറിയപ്പെടുന്നു.