ഓസ്ട്രേലിയയിൽ മലയാളി പ്രഫഷണൽ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ നിലവിൽ വന്നു
സന്തോഷ് ജോസഫ്
Wednesday, April 9, 2025 5:24 PM IST
മെൽബൺ: ഓസ്ട്രേലിയയിലെ മലയാളി പ്രഫഷണൽ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മായ മലയാളി സോഷ്യൽ വർക്കേഴ്സ് ഇൻ ഓസ്ട്രേലിയ(എംഎസ്ഡബ്ല്യുഎ) നിലവിൽ വന്നു. ഓസ്ട്രേലിയയിലെ വിവിധ സർക്കാർ, സർക്കാർ ഇതരമേഖലയിൽ ജോലി ചെയ്യുന്ന 215 സാമൂഹിക പ്രവർത്തക പ്രഫഷണൽമാരാണ് കൂട്ടായ്മയിലുള്ളത്.
മാനസികാരോഗ്യം, ശിശു സംരക്ഷണം, ഗാർഹിക പീഡനം, ഡ്രഗ് & ആൽക്കഹോൾ, ഡിസെബിലിറ്റി, അക്കാഡമിക്ക് - ഗവേഷണം, ഫോറൻസിക്ക്, സ്കൂൾ സോഷ്യൽ വർക്ക് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ പ്രഫഷണൽ സാമൂഹിക പ്രവർത്തകരാണ് കൂട്ടായ്മയിൽ അണിചേർന്നത്.
ഈ മാസം 30ന് ഓസ്ട്രേലിയൻ സമയം വൈകുന്നേരം ഏഴിന് ചേർന്ന സോഷ്യൽ വർക്ക് കൂട്ടായ്മയുടെ ആദ്യ ഓൺലൈൻമീറ്റ് ആഗോള സോഷ്യൽ വർക്ക് ദിനാചാരണം 2025 കൂടിയായി ആഘോഷിച്ചു ഓൺലൈൻ മീറ്റിൽ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമുള്ള അക്കാഡമിക്ക് വിദഗ്ദർ പങ്കെടുത്തു.
ഡോ. അമാന്റ നിക്സൺ (ഗവേഷക, എഎസ്ഡബ്ല്യു സൂപ്പർ വൈസർ), ഡോ. ഐപ്പ് വർഗീസ് (സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് - ബിസിഎം കോളജ്, കോട്ടയം, സെക്രട്ടറി ജനറൽ ഇന്ത്യ നെറ്റവർക്ക് ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ), പ്രഫ. ഗാന്ധി ദോസ് (പ്രസിഡന്റ്- ഇന്ത്യ നെറ്റ്വർക്ക് ഓഫ് പ്രഫഷണൽ സോഷ്യൽ അസോസിയേഷൻ) എന്നിവർ മുഖ്യ അതിഥികളായിരുന്നു.
മലയാളികളായ പ്രഫഷണൽ സാമൂഹിക പ്രവർത്തകർക്കും സാമൂഹിക പ്രവർത്തക മേഖലയിലേക്ക് കടന്നു വരുന്നവർക്കും പ്രയോജനപ്പെടും വിധമുള്ള പരിശീലനങ്ങൾ, മെന്ററിംഗ്, സൂപ്പർ വിഷൻ എന്നിങ്ങനെയുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോ. ജോസി തോമസ്, കിറ്റി ലൂക്കോസ്, ജോണി മറ്റം എന്നിവർ സംസാരിച്ചു. കൂട്ടായ്മയെ ബന്ധപ്പെടുന്നതിന് ഇമെയിൽ അയയ്ക്കുക: [email protected].