മജീഷ്യൻ ഗോപിനാഥ് മുതുകാട് ഓസ്ട്രേലിയൻ പര്യടനത്തിന്
തോമസ് ടി. ഓണാട്ട്
Thursday, March 13, 2025 3:05 PM IST
ബ്രിസ്ബൻ: പ്രഫഷണൽ മാജിക് വേദി നിറഞ്ഞു നിൽക്കെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കളംവിട്ട ഗോപിനാഥ് മുതുകാട് ഓസ്ട്രേലിയൻ പര്യടനത്തിന്. വിവിധ മലയാളി കൾചറൽ - ചാരിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് മജീഷ്യനും മെന്റലിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ മുതുകാടിന്റെ ഡിഫറന്റ് ആർട്ട് സെന്റർ ഓസ്ട്രേലിയൻ നഗരങ്ങളിൽ ലൈവ് ഷോകൾ നടത്തുന്നത് .
ഏപ്രിൽ 25 മുതൽ മേയ് നാലു വരെ നടക്കുന്ന എം ക്യൂബ് (മ്യൂസിക്, മാജിക് ആൻഡ് മെന്റലിസം) മെഗാ ഷോയിൽ വിസ്മയത്തിന്റെ കാണാക്കാഴ്ചകൾക്കൊപ്പം പ്രശസ്തർ അണിനിരക്കുന്ന നൃത്ത സംഗീത വിരുന്നും അരങ്ങേറും.
പാലാപ്പള്ളി ഫെയിം അതുൽ നറുകര, സ്റ്റാർ സിംഗർ ഫെയിം ശ്വേതാ അശോക്, സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനംകവർന്ന ഗായിക എലിസബത്ത് എസ്. മാത്യു തുടങ്ങിയവർക്കൊപ്പം വയലിനിൽ അത്ഭുതം തീർക്കുന്ന വിഷ്ണു അശോകും ഉണ്ട്.
ഡാൻസും പാട്ടുമായി ഡിഫറന്റ് ആർട്സ് സെന്ററിലെ കലാകാരന്മാരും എത്തുന്ന പരിപാടി മൂന്നു മണിക്കൂറോളം നീളുമെന്നും സംഘാടകർ അറിയിച്ചു. ഏപ്രിൽ 25ന് ഇല്ലവാര കേരള സമാജം ഒരുക്കുന്ന ഷോ വൈകുന്നേരം അഞ്ചിന് ഡാപ്റ്റോ റിബ്ബൺ വുഡ് സെന്ററിൽ ആരംഭിക്കും.
26ന് അഡലയിഡിൽ ജാക്സ് അഡലയിഡ് ഒരുക്കുന്ന ഷോ വുഡ്വിൽ ടൗൺഹാളിൽ അരങ്ങേറും. 27ന് സിഡ്നി നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടി ബ്ലാക്ക് ടൗൺ ബൗമാൻ ഹാളിൽ 5.30ന് ആരംഭിക്കും.
മേയ് രണ്ടിന് ന്യൂകാസിൽ ഹണ്ടർ മലയാളി സമാജം ഒരുക്കുന്ന പരിപാടി ജെസ്റ്റ്മെഡ് കല്ലഗൻ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.15ന് നടക്കും. ബ്രിസ്ബനിൽ സെന്റ് അൽഫോൻസാ ബ്രിസ്ബൻ നോർത്ത് പാരീഷ് കമ്യൂണിറ്റിയാണ് എം ക്യൂബിന്റെ സംഘാടകർ.
മൂന്നിന് മൗണ്ട്ഗ്രവാറ്റ് ഹിൽ സോംഗ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30ന് ഷോ ആരംഭിക്കും. മെൽബണിൽ നാലിന് കിംഗ്സ്റ്റൻ ഗ്രാൻഡ്സിറ്റി ഹാളിൽ നടക്കുന്ന പരിപാടി മെൽബൺ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച് ആണ് സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: പോളി പറക്കാടൻ 0431257797, റോയ് കാഞ്ഞിരത്താനം 0439522690 എന്നിവരുമായി ബന്ധപ്പെടണം.