ഓസ്ട്രേലിയയിൽ വോട്ടിംഗ് ആരംഭിച്ചു
Wednesday, April 23, 2025 11:11 AM IST
മെൽബൺ: ഓസ്ട്രേലിയയിലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്നലെ വോട്ടിംഗ് ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു.
പല കാരണങ്ങളാൽ മേയ് മൂന്നിന് വോട്ട് ചെയ്യാൻ കഴിയാത്തവർക്കായി പോളിംഗ് സ്റ്റേഷനുകൾ തുറന്നുകൊടുത്തിട്ടുണ്ട്. പകുതിയോളം പേർ മേയ് മൂന്നിനു മുന്പ് വോട്ട് ചെയ്യുമെന്നാണു വിലയിരുത്തൽ.
മാർപാപ്പയോടുള്ള ബഹുമാനസൂചകമായി പ്രധാനമന്ത്രി ആന്റണി ആൽബനീസും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണും പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. പാപ്പായ്ക്കു വേണ്ടി സെന്റ്പാട്രിക്സ് കത്തീഡ്രലിൽ നടത്തിയ വിശുദ്ധ കുർബാനയിൽ ആൽബനീസ് പങ്കെടുത്തു.
പൊതുമണ്ഡലങ്ങളിൽ മതവിശ്വാസത്തെക്കുറിച്ചു സംസാരിക്കാറില്ലെങ്കിലും കത്തോലിക്കാ വിശ്വാസം തന്റെ അസ്തിത്വത്തിന്റെ ഭാഗമാണെന്നു സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ പാപ്പായ്ക്കുവേണ്ടി നടത്തിയ വിശുദ്ധ കുർബാനയിൽ പങ്കെടുത്തശേഷം ഡട്ടണും പ്രതികരിച്ചു.
മാർപാപ്പയോടുള്ള ആദരവിന്റെ പ്രതീകമായി രാജ്യത്തുടനീളമുള്ള സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു. 2021ലെ സെൻസസ് പ്രകാരം ഓസ്ട്രേലിയയിൽ 20 ശതമാനം കത്തോലിക്കരുണ്ട്.