ഓസ്ട്രേലിയയിലെ മലയാളി മന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം
Monday, January 13, 2025 10:41 AM IST
കൊച്ചി: പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച് ഓസ്ട്രേലിയയിൽ മന്ത്രിയായ ആദ്യമലയാളി ജിന്സണ് ആന്റോ ചാള്‍സിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്കി. പാലാ മൂന്നിലവ് സ്വദേശിയായ ജിന്സണ് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ജിന്സണ് കൊച്ചിയില്‍ എത്തിയത്. ജിന്‍സന്റെ സഹോദരന് ജിയോ ടോം ചാള്‍സ്, ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി പിആര്‍ഒ ബാബു തോട്ടുങ്കല്‍, ഫ്ലൈ വേള്‍ഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പത്തനംതിട്ട എംപി ആന്റോ ആന്റണി ജിൻസന്റെ പിതൃസഹോദരനാണ്.
ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി പാര്‍ലമെന്റില്‍ സാന്‍ഡേഴ്സ് സണ്‍ മണ്ഡലത്തില്‍നിന്നു ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി സ്റ്റേറ്റ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിന്‍സനെ പാര്‍ട്ടി സുപ്രധാന വകുപ്പുകള്‍ നല്കി മന്ത്രിയാക്കുകയായിരുന്നു.
2012ലാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യന്‍ വംശജന് മന്ത്രിയാകുന്നത് ഇതാദ്യമാണ്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലാണ് ജിന്സണ് നഴ്സിംഗ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയത്.