അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലിക്കും തട്ടിപ്പിനും കേസ്
Thursday, November 21, 2024 12:37 PM IST
ന്യൂയോർക്ക്: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലി നൽകിയതിനും തട്ടിപ്പിനും കേസ്. അഴിമതിക്കുറ്റത്തിന് ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.
20 വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ സൗരോർജ വിതരണക്കരാറുകൾ നേടാൻ 250 ദശലക്ഷം ഡോളറിന്റെ (2,100 കോടി രൂപ) കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.
ഗൗതം അദാനിക്കു പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നു കുറ്റപത്രത്തിൽ പറയുന്നു.
യുഎസ് നിക്ഷേപകരിൽനിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ അദാനി ഗ്രീൻ എനെർജിക്കെതിരേ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന് കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
കുറ്റപത്രത്തിൽ തമിഴ്നാട്ടിലെ കരാറിനും ഗൗതം അദാനി കൈക്കൂലി കൊടുത്തെന്ന പരാമർശമുണ്ടെന്നു സൂചനയുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു.
അദാനി എനര്‍ജി സൊലൂഷന് 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.