ഓറിഗനിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
പി.പി. ചെറിയാൻ
Saturday, November 16, 2024 5:24 PM IST
പോർട്ട്ലാൻഡ്: ഓറിഗനിൽ ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓറിഗൺ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലാക്കമാസ് കൗണ്ടിയിലെ വാണിജ്യ കോഴിവളർത്തൽ ഫാമിൽ 150,000 പക്ഷികളെ പക്ഷിപ്പനി ബാധിച്ചതായി മുന്പ് റിപ്പോർട്ട് ചെയ്തിരുന്നു.
രോഗബാധിതനായ വ്യക്തിക്ക് നേരിയ അസുഖം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂവെന്നും പൂർണമായും സുഖം പ്രാപിച്ചുവെന്നും ക്ലാക്കമാസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഓഫീസർ സാറ പ്രസന്റ് പറഞ്ഞു.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിന്റെ തെളിവുകളില്ലെന്നും പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്നും ഒറിഗോൺ ഹെൽത്ത് അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ വർഷം ഇതുവരെ, കലിഫോർണിയ, വാഷിംഗ്ടൺ, കൊളറാഡോ, മിഷിഗൺ, ടെക്സസ്, മിസോറി, ഓറിഗൻ എന്നിവിടങ്ങളിൽ 50-ലധികം മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരിൽ പലർക്കും കണ്ണിന് ചുവപ്പ് ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാളൊഴികെ മറ്റെല്ലാവരും രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയവരാണ്.