തുളസി ഗബ്ബാർഡ് ഇന്റലിജൻസ് മേധാവി
Friday, November 15, 2024 10:31 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദുവിശ്വാസിയെന്ന ബഹുമതി പേറുന്ന തുളസി ഗബ്ബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചതായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
സിഐഎ, എൻഎസ്എ മുതലായ അമേരിക്കൻ ചാരസംഘടനകളുടെ മേൽനോട്ടച്ചുമതലയാണ് ഈ പദവിയിലൂടെ തുളസിക്കു ലഭിക്കുന്നത്. തുളസി ഇറാക്കിലും കുവൈറ്റിലും അടക്കം രണ്ടു പതിറ്റാണ്ട് സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്.
രണ്ടു വർഷം മുന്‍പുവരെ ഡെമോക്രാറ്റിക് പാർട്ടിക്കാരിയായിരുന്നു. 2013 മുതൽ 2021 വരെ ഹവായിയിൽനിന്നുള്ള ജനപ്രതിനിധിസഭാംഗമായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി വിട്ടശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന് ട്രംപിനെ പിന്തുണച്ചു.
പേര് തുളസി എന്നാണെങ്കിലും ഇന്ത്യൻ ബന്ധമില്ല. അമേരിക്കൻ സമോവ വംശജയാണ്. തുളസിയുടെ അമ്മ ഹിന്ദുമതത്തിൽ ചേരുകയും മക്കൾക്കു ഹൈന്ദവ പേരുകൾ നല്‍കുകയുമായിരുന്നു. തുളസിയും ഹൈന്ദവവിശ്വാസിയാണ്.
റിപ്പബ്ലിക്കൻ നേതാവ് മാറ്റ് ഗേറ്റ്സിനെ അറ്റോർണി ജനറാലായി നിയമിക്കുമെന്നും ട്രംപ് അറിയിച്ചു. നിയമസംവിധാനങ്ങളെ ആയുധമാക്കുന്ന പരിപാടി മാറ്റ് അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.
സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ട്രംപിനെ വൈറ്റ്ഹൗസിലേക്കു ക്ഷണിച്ചു കൂടിക്കാഴ്ച നടത്തി.