അബുദാബി: അബുദാബി കെഎംസിസി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ മേള "എഡ്യൂ ഫെസ്റ്റീവ്' ജൂൺ 11 രാവിലെ പത്ത് മുതൽ വെെകുന്നേരം അഞ്ച് വരെ അബുദാബി ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ(ബനിയാസ്) നടക്കും.
രാവിലെ 11ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിക്കും. വിവിധ സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, വ്യത്യസ്ത തലങ്ങളിലെ പഠന അവസരങ്ങളെ സംബന്ധിച്ച പാനൽ ചർച്ചകൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
യുഎഇ, ഇന്ത്യ കൂടാതെ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ, ജോലി സാധ്യതകൾ, വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നടത്തും.
കരിയർ ഗൈഡൻസ് വിദഗ്ധയും ലൈഫ് കോച്ചുമായ ശ്രീവിദ്യ സന്തോഷ്, ജി-20 രാജ്യങ്ങളുടെ ലാൻഡ് കോർഡിനേഷൻ ഓഫീസ് ഡയറക്ടറായ മുരളി തുമ്മാരുകുടി, യുഎൻ-ബ്രെസൽസ് മൈഗ്രേനെന്റ് പ്രൊജക്റ്റ് ഓഫീസറായ മുഹമ്മദ് അമീൻ, മദ്രാസ് ഐഐടി-സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി റിസർച്ച് ഫെലോ ഡോ. മുഹമ്മദ് ജുവൈദ്,
അബുദാബി യൂണിവേഴ്സിറ്റി അക്കാദമിക് ക്വാളിറ്റി-അക്രിഡിയേഷൻ വിഭാഗം ഡയറക്ടർ ഡോ.മുഹമ്മദ് റാസിഖ്, വിദ്യാഭ്യാസ വിചക്ഷണൻ സംഗീത്.കെ തുടങ്ങിയ പ്രമുഖർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.
രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വിവിധ വിഷയങ്ങളിലുള്ള പാനൽ ചർച്ചകൾ പരിപാടിയുടെ പ്രത്യേകതയാണ്. വിദ്യാർഥികളും രക്ഷിതാക്കളുമായി ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി സി.എച്ച്.യൂസുഫ് അറിയിച്ചു.
പരിപാടിക്ക് അന്തിമ രൂപം നൽകാനായി ചേർന്ന യോഗത്തിൽ സംസ്ഥാന കെഎംസിസി ഭാരവാഹികളായ അഷറഫ് പൊന്നാനി, ഹംസ നടുവിൽ, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അബ്ദുൽ ബാസിത്, അനീസ് മാങ്ങാട്, ശറഫുദ്ധീൻ കൊപ്പം, ഇ.ടി.എം. സുനീർ, മുഹമ്മദ് അൻവർ ചുള്ളിമുണ്ട, അബ്ദുൽ ഖാദർ ഒളവട്ടൂർ, ഹംസ ഹാജി പാറയിൽ, മൊയ്ദുട്ടി വെളേരി, ഷാനവാസ് പുളിക്കൽ എന്നിവർ സംസാരിച്ചു.