വനിതാവേദി കുവൈറ്റ്‌ "കനിവ് 2023' 19ന്
Wednesday, May 17, 2023 7:46 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ പൊതുകൂട്ടായ്മയായ വനിതാവേദി കുവൈറ്റിന്‍റെ ഈ വർഷത്തെ സാംസ്കാരിക പരിപാടി "കനിവ് 2023' വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടക്കപ്പെടും. ആഘോഷപരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായയെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിൽ വനിതാകമ്മിഷൻ അധ്യക്ഷ പി സതീദേവി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത നർത്തകി മൻസിയ വിപിയും, വയലിനിസ്റ്റ് ശ്യാം കല്യാണും ചേർന്ന് അവതരിപ്പിക്കുന്ന കലാവിരുന്ന്‌ സാംസ്കാരിക മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.

കുവൈറ്റിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നാടൻപാട്ടു മത്സരത്തോടെയാണ് ആഘോഷപരിപാടികൾ ആരംഭിക്കുക. തുടർന്ന്, വനിതാവേദിയുടെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ വ്യത്യസ്ത കലാപരിപാടികൾ മേളയുടെ ഭാഗമായി അരങ്ങേറും.

കഴിഞ്ഞ 23 വർഷമായി വനിതാവേദി നടത്തികൊണ്ടിരിക്കുന്ന കലാസംസ്കാരിക സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് "കനിവ് 2023' സംഘടിപ്പിക്കുന്നത്. കുവൈറ്റിലും നാട്ടിലും വിവിധജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്ന വനിതാവേദി കുവൈറ്റ്‌, ഈ സംസ്കാരികമേളയുടെ ഭാഗമായും ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും.


വേറിട്ടപ്രവർത്തനങ്ങൾ വഴി കുവൈറ്റ്‌ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി മാറിയ വനിതാവേദിയുടെ പ്രവർത്തനങ്ങൾക്കും കനിവ് 2023 സാംസ്കാരിക മേളക്കും സമൂഹത്തിന്റെ നിർലോഭമായ പിന്തുണ ലഭിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്‍റ് അമീന അജ്നാസ് , ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ജനറൽ കൺവീനർ ബിന്ദു ദിലീപ്, ട്രഷറർ അഞ്ജന സജി, വൈസ്പ്രസിഡന്‍റ് ഷിനി റോബർട്ട്‌, ജോയിന്‍റ് സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.