കെ കരുണാകരന്‍റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ അഭിമാനം: എൻകെ പ്രേമചന്ദ്രൻ എം പി
Sunday, January 22, 2023 12:34 PM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി : നാലു പ്രാവശ്യം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ. കരുണാകരൻറെ പേരിലുളള പുരസ്കാരം തികഞ്ഞ അഭിമാനബോധത്തോടെയാണ്ഏറ്റുവാങ്ങുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. വർത്തമാനകാല കേരള രാഷ്ട്രീയത്തിന് ലീഡറുടെ ജീവിതത്തിൽ നിന്ന് പഠിക്കാനുളളപാഠങ്ങൾ ഏറെയാണ്.

അദ്ദേഹത്തിന്‍റെ നേതൃഗുണവും രാഷ്ട്രീയ കരുനീക്കങ്ങളും കോൺഗ്രസ്സിൻറെയും യുഡിഎഫിൻറെയും പുനരുജ്ജീവനത്തിന് വഴി തെളിയിച്ചു. കുവൈറ്റ് ഒഐസിസി ആലപ്പുഴ ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്‍റേറിയനുളള പ്രഥമ ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം ഏറ്റുവാങ്ങിസംസാരിക്കുകയായിരുന്നു അദ്ദേഹം.

തീക്ഷണമായ രാഷ്ട്രീയ സംവാദ വേളകളിലൊക്കെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തേയും നിലപാടുകളെയും പ്രത്യാക്രമിക്കുമ്പോഴും കെ.കരുണാകരൻ എന്ന രാഷ്ട്രീയ വിസ്മയത്തെ മനസ്സ് കൊണ്ട് ആദരിക്കാതിരുന്നിട്ടില്ല. വിമർശനങ്ങളെ അവഗണിച്ചുകൊണ്ട് കേരളത്തിന്റെ വളർച്ചക്ക് നിദാനമായ ഒട്ടേറെ പദ്ധതികൾ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ നേതാവായിരുന്നു അദ്ദേഹം .

അദ്ദേഹത്തിന്‍റെ അഭാവം ഇന്ത്യൻ രാഷ്ട്രീയത്തിന് പൊതുവെയും സംസ്ഥാന രാഷ്ട്രീയത്തിന് പ്രത്യേകിച്ചും അപരിഹാര്യമായനഷ്ടമാണ്. ആ വിടവ് നികത്താൻ എല്ലാ അഭിപ്രായ വൈജാത്യങ്ങളെയും മാറ്റിവച്ച് കോൺഗ്രസ്സ് നേതൃത്വവും പ്രസ്ഥാനവും ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. പ്രേമചന്ദ്രൻ പറഞ്ഞു .