പ്രവാസി ഭാരതീയ ദിവസ്: കുവൈറ്റ് ഇന്ത്യൻ എംബസിയിൽ വിളംബരം നടത്തി
Saturday, November 26, 2022 3:18 PM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: 2023 ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന്‍റെ വിളംബരം നവംബർ 24 നു വൈകുന്നേരം കുവൈറ്റ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്നു. നാലു വർഷങ്ങൾക് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് ഫിസിക്കലായി നടക്കുന്നതെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരിൽ സാധ്യമായവരെല്ലാം സംഘം ചേർന്ന് പ്രവാസി ഭാരതീയ ദിവസിൽ സംബംന്ധിക്കണമെന്ന് ഇന്ത്യൻ എംബസി ചാർജ് ഡി അഫെയേഴ്സ് സ്മിതാ പാട്ടീൽ സംഗമത്തിൽ അഭ്യർത്ഥിച്ചു.

ഇന്ത്യയുടെ യശസ് ഉയർത്തുന്നതിൽ പ്രവാസി സമൂഹത്തിന്‍റെ പങ്ക് ഊന്നിപ്പറഞ്ഞ സ്മിത പാട്ടീൽ, ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസ് സ്വന്തം വേരുകളിലേക്ക് ഊർന്നിറങ്ങാൻ പ്രവാസികൾക്കു സാഹചര്യം ഒരുക്കുന്ന നല്ല ഒരനുഭവമായിരിക്കുമെന്നും ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാൻ അപൂർവ അവസരമായിരിക്കുമെന്നും എടുത്തു പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ് രജിസ്‌ട്രേഷൻ നടപടികൾ, ഇൻഡോറിലെ താമസ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പ്രസന്റേഷനുകളും വിളംബരത്തിൽ നടന്നു. വ്യക്തികൾക്കും സംഘങ്ങൾക്കും രജിസ്‌ട്രേഷൻ സൗകര്യമുണ്ടെന്നും സംഘമായി രജിസ്റ്റർ ചെയ്ത്‌ ഡിസ്‌കൗണ്ട് നേടാനുള്ള അവസാന തീയതി നവംബർ 30 ആയിരിക്കുമെന്നും എംബസ്സി അറിയിച്ചു. വിവിധ സംഘടനാ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും വിളംബരത്തിൽ സംബംന്ധിച്ചു.

അബ്ദുല്ല നാലുപുരയിൽ