യുഎഇയിൽ ഉച്ചവിശ്രമം ലംഘിക്കുന്നവർക്ക് കനത്ത പിഴ
Saturday, June 18, 2022 9:49 AM IST
അബുദാബി: യുഎഇയിൽ ഉച്ചവിശ്രമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ. ജൂൺ 15 മുതലാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യുഎ​ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്.

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു വരെ വിശ്രമം നല്‍കണമെന്നാണ് നിയമം. ഈ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് ശിക്ഷ ലഭിക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും.

തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും വേണ്ടിയാണിത്.

രാജ്യത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്കു​ന്നതായി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അധികൃതരെ വിവരം അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ രാജ്യത്ത് 51 ഇടങ്ങളിൽ അധികൃതർ പരിശോധന ആരംഭിച്ചു. എല്ലായിടങ്ങളിലും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.