കമല ഹാരിസിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അബുദാബിയിൽ
Monday, May 16, 2022 7:28 PM IST
അബുദാബി: അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ നേതൃത്വത്തിലുളള ഉന്നതതല സംഘം അബുദാബിയിലെത്തി. അന്തരിച്ച യുഎഇ മുൻ പ്രസിഡന്‍റ് ഷെയ്ഖ് ഖലിഫ ബിൻ സയിദ് അൽ നഹ്യാന് ആദരവ് അർപ്പിക്കുന്നതിനും പുതിയ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന് ആശംസകൾ നേരാനുമാണ് സംഘം തിങ്കളാഴ്ച അബുദാബിയിലെത്തിയത്.

സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ ഡയറക്ടർ വില്യം ബേൺസ്, ജോ ബൈഡന്‍റെ കാലാവസ്ഥ പ്രതിനിധി ജോൺ കെറി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് കമല ഹാരിസിനെ അനുഗമിക്കുന്നത്. ഇതാദ്യമായാണ് ബൈഡൻ സർക്കാരിലെ ഒരു ഉന്നതതല സംഘം അബുദാബി സന്ദർശിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ആദരാഞ്ജലികൾ അർപ്പിക്കാൻ യുഎഇ തലസ്ഥാനത്ത് എത്തിയ ആദ്യത്തെ യൂറോപ്യൻ നേതാക്കളാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് വെങ്കയ്യ നായിഡു അബുദാബിയിലെത്തി അനുശോചനമറിയിച്ചു.