ഹൈദരബാദി ഭക്ഷണങ്ങള്‍ക്ക് പ്രചാരമേറുന്നു
Friday, December 3, 2021 2:34 PM IST
ദോഹ : കേരളത്തിനകത്തും പുറത്തും ആഗോളടിസ്ഥാനത്തിലും ഹൈദരബാദി ഭക്ഷണങ്ങള്‍ക്ക് പ്രചാരമേറി വരികയാണെന്ന് ഹൈദരബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കൊച്ചിന്‍ ഇന്‍ഫോ പാര്‍ക്കിലെ ഫോര്‍ പോയിന്റ് ബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഹൈദരബാദിന്‍റെ സ്മൃതിപഥങ്ങളിലൂടെ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണ പ്രിയരുടെ നാടാണ് ഹൈദരബാദ്. ഹൈദരബാദിലെ ഭക്ഷണതെരുവുകളും ഭക്ഷണ കോര്‍ണറുകളുമൊക്കെ ഏറെ പ്രചാരമുള്ളവയാണ്. രാത്രിയിലുടനീളം സജീവമാകുന്ന ഭക്ഷണതെരുവുകളിലെ ശുദ്ധമായ ഹൈദരബാദി ഭക്ഷണം എല്ലാ തരം ഭക്ഷണപ്രിയരേയും തൃപ്തിപ്പെടുത്തുന്നതാണ്. ഗുണമേന്‍മയും രുചിയും തന്നെയാകും ഹൈദരബാദ് ഭക്ഷണത്തെ കേരളത്തില്‍ പോലും ജനകീയമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആധികാരികമായ ഹൈദരബാദി ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനമെന്ന നിലക്ക് ഹൈദരബാദി കിച്ചണ് ഇത് സാക്ഷ്യപ്പെടുത്തും എന്ന് അദ്ദേഹം കൂട്ടിചേർത്തു.

ആഗോള വാര്‍ത്ത് എഡിറ്റര്‍ മുജീബ് റഹ്‌മാന്‍ കരിയാടന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

യാത്ര വിവരണങ്ങള്‍ പോയ സ്ഥലങ്ങളുടെ ഓര്‍മകള്‍ നിലനിര്‍ത്താനും ആ രാജ്യങ്ങളെക്കുറിച്ചും അവിടത്തെ സംസ്‌കാരങ്ങളെക്കുറിച്ചും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനും സഹായകരമാകുമെന്ന് മുജീബ് റഹ്‌മാന്‍ കരിയാടന്‍ പറഞ്ഞു.

എല്ലാ സ്ഥലങ്ങളും എല്ലാവര്‍ക്കും കാണാന്‍ സൗകര്യപ്പെട്ടെന്ന് വരില്ല എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആളുകളെയും സംസ്‌കാരങ്ങളെയും അടുത്തറിയാന്‍ യാത്രവിവരണങ്ങള്‍ സഹായിക്കുമെന്നതിനാല്‍ ഏറെ പ്രധാനപ്പെട്ട സാഹിത്യ ശാഖയാണ് യാത്രവിവരണമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ വേള്‍ഡ് ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിനോദ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉബൈദ് എടവണ്ണ, ജൗഹറലി തങ്കയത്തില്‍, ജോസ് എം. ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അഫ്‌സല്‍ കിളയില്‍