സംതൃപ്ത ജീവിതത്തിനു പാഠം ഉൾക്കൊള്ളേണ്ടത് പ്രകൃതിയിൽ നിന്ന് : ബെന്യാമിൻ
Sunday, June 20, 2021 2:49 PM IST
അബുദബി : ഏതു അവസ്ഥയിലും തന്‍റെ ധർമ്മം അഭംഗുരം തുടരുന്ന പ്രകൃതിയിൽ നിന്നും പാഠം ഉൾക്കൊണ്ട് നന്മകളും , പ്രതിസന്ധികളും നേരിടാൻ മനസുകളെ ഒരുക്കുന്നവർക്കു മാത്രമേ സംതൃപ്തി നിറഞ്ഞൊരു ജീവിതം സാധ്യമാകൂ എന്ന് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ അഭിപ്രായപ്പെട്ടു.

അബുദാബി മാർത്തോമാ യുവജനസഖ്യത്തിന്‍റെ 2021-22 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സഭയുടെ റാന്നി നിലക്കൽ ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ്‌ ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു . പ്രതിസന്ധികൾ നിറഞ്ഞ ലോകത്തിൽ തളർന്നു പോകാതെ വിശ്വാസത്തിൽ അടിയുറച്ചു മുൻപോട്ടു പോകുവാൻ യുവാക്കൾക്ക് കഴിയണമെന്ന് മാർ തിമോത്തിയോസ് ഉത്‌ബോധിപ്പിച്ചു .സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ .അജിത് ഈപ്പൻ തോമസ് , അജിത്. എ ചെറിയാൻ , സെക്രട്ടറി നോബിൾ സാം സൈമൺ, ജൂബി എബ്രഹാം, സുജ എബ്രഹാം, ജിബിൻ സക്കറിയ , ബോണി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കാലം ചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

യുവജസഖ്യത്തിന്‍റെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനമായ സ്നേഹകരുതലായി കൂടെ എന്ന പരിപാടിക്ക് ചടങ്ങിൽ തുടക്കും കുറിച്ചു. സഖ്യം പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള