ഗിരീഷ്ബാബു കോവിലേരിക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി
Thursday, January 14, 2021 4:52 PM IST
കുവൈറ്റ്: 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കോഴിക്കോട് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ മുൻ പ്രസിഡണ്ട് ശ്രീ.ഗിരീഷ്ബാബു കോവിലേരിക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി. അസോസിയേഷൻ രൂപീകൃതമായതുമുതൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം അസോസിയേഷനിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചു.

വെർച്വൽ പ്ലാറ്റ്ഫോമായ സൂമിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ ആക്ടിങ്ങ് പ്രസിഡന്റ് അസ്ലം.ടി.വി അധ്യക്ഷത വഹിച്ചു. ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഷാജി.കെ.വി സ്വാഗതം പറഞ്ഞു. രക്ഷാധികാരി ഷെരീഫ് താമരശ്ശേരി, മഹിളാവേദി പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ, ഏരിയ പ്രസിഡന്‍റുമാരായ ശ്രീനിവാസൻ. ഇ.പി, ശിവദാസ് പിലാക്കാട്ട്, വാരിജാക്ഷൻ, പ്രഭീഷ്‌ എന്നിവരും അനിൽ കുമാർ, രാധാകൃഷ്ണൻ, മജീദ്, ഹനീഫ്, ജീവ ജയേഷ് തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ ട്രഷറർ വിനീഷ്.പി.വി നന്ദി രേഖപ്പെടുത്തി.

ഗിരീഷ്ബാബു കോഴിക്കോട് ജില്ലാ അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും അദ്ദേഹത്തിന്റെ വിശ്രമ ജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. അസോസിയേഷൻ നാട്ടിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സഹകരണവും പിന്തുണയും ഇനിയും ഉണ്ടാവണമെന്നും പ്രാസംഗികർ അഭ്യർത്ഥിച്ചു. തുടർന്ന് ഗിരീഷ്ബാബു മറുപടി പ്രസംഗം നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ