അജ്മാൻ സിറ്റിസൺ അഫയേഴ്സ് ഓഫീസും തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു
Monday, November 30, 2020 11:04 PM IST
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ എന്നിവയിൽ യുഎഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതിയുമായി സിറ്റിസൺ അഫയേഴ്സ് ഓഫീസ്, അജ്‌മാൻ സർക്കാർ തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു.

അബുദാബി: അജ്‌മാൻ എമിറേറ്റിലെ എല്ലാ യുഎഇ പൗരന്മാരുടെയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയ സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി രൂപീകരിച്ച സിറ്റിസൺ അഫയേഴ്സ് ഓഫീസും തുംബെ ഗ്രൂപ്പുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഷെയ്ഖ് അബ്ദുല്ല ബിൻ മജീദ് ബിൻ സയീദ് അൽ നുയിമി, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്‍റ് ഡോ. തുംബെ മൊയ്തീൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സിറ്റിസൺ അഫയേഴ്സ് ഓഫീസ് സിഇഒ മറിയം അലി അൽ മെമാറി, തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്‍റ് അക്ബർ മൊയ്ദീൻ തുംബെ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

യുഎഇ സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്തത്തിൽ യുഎഇ പൗരന്മാർക്ക് മികച്ച സേവനം നൽകുന്നതിൽ തുംബെ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അക്ബർ മൊയ്ദീൻ തുംബെ പറഞ്ഞു. അജ്‌മാൻ എമിറേറ്റിലെ എല്ലാ യുഎഇ പൗരന്മാർക്കും തുംബെ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കുന്നതിന് ഗോൾഡ് മെംബർഷിപ്പ് കാർഡ് നൽകും.

ധാരണാപത്രം മുഖേന നടപ്പാക്കുന്ന കാര്യങ്ങൾ :

1) യുഎഇയിലെ പൗരന്മാർക്ക് സംയുക്ത ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ നടത്തുക.

2) ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിറ്റിസൺ അഫയേഴ്സ് ഓഫീസിനെ ഉപദേശിക്കാൻ ഒരു മെഡിക്കൽ കമ്മിറ്റി രൂപീകരിക്കുക.

3) സിറ്റിസൺ അഫയേഴ്സ് ഓഫീസ് ശിപാർശ ചെയ്യുന്ന യുഎഇ പൗരന്മാർക്ക് തൊഴിൽ മേഖലയിൽ മുൻ‌ഗണന നൽകുക.

യുണൈറ്റഡ് അറബ് എമിറേറ്റിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിൽ, എല്ലാ സർക്കാർ ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് തുംബെ ഗ്രൂപ്പ്. 1998 ൽ അജ്മാനിൽ ഡോ. തുംബെ മൊയ്തീൻ ആരംഭിച്ച അന്താരാഷ്ട്ര ബിസിനസ് കമ്പനിയാണ് തുംബെ ഗ്രൂപ്പ്. ഇരുപത് മേഖലകളിൽ പ്രവർത്തനം നടത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, മെഡിക്കൽ റിസർച്ച് എന്നിവയിൽ 50 രാജ്യങ്ങളിൽ നിന്ന് 3500 സ്റ്റാഫുകളുണ്ട്. 86 രാജ്യങ്ങളിൽ നിന്നും 2000 വിദ്യാർഥികൾ പഠിക്കുന്നു. 185 രാജ്യങ്ങളിൽ നിന്നുള്ള രോഗികളെ ചികിത്സിക്കുന്നു.

റിപ്പോർട്ട്: ഡയസ് ഇടിക്കുള