തദ്ദേശ ഭരണതലത്തില്‍ പ്രവാസി പുനരധിവാസം നടപ്പിലാക്കണം: കൊല്ലം പ്രവാസി അസോസിയേഷന്‍
Monday, November 30, 2020 9:47 PM IST
മനാമ: ജോലി നഷ്ടപെട്ട് നാട്ടിലേക്കു വരുന്ന പ്രവാസികള്‍ക്ക് വേഗത്തില്‍ പുനരധിവാസം സാധ്യമാകുന്ന രീതിയില്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് കൊല്ലം പ്രവാസി അസോസിയേഷന്‍ - ബഹറിന്‍ ചാപ്റ്ററിന്‍റെ രണ്ടാമത് ഡിസ്ട്രിക്റ്റ് കമ്മിറ്റി അവതരിപ്പിച്ച പ്രവാസി പുനരധിവാസ പ്രമേയത്തില്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് ബൂരി അൽ ദാന ഹാളിൽ സംഘടിപ്പിച്ച കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ രണ്ടാമത് ഡിസ്ട്രിക്ട് കമ്മിറ്റി യോഗത്തിൽ കെപിഎ സെക്രട്ടറിയേറ്റ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളും 10 ഏരിയ കമ്മിറ്റി പ്രതിനിധികളും വനിതാ വിഭാഗം പ്രതിനിധികളും പങ്കെടുത്തു.

കെപിഎ വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ ഐറ്റി സെൽ കൺവീനർ ബിനു കുണ്ടറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് നിസാർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ വിഷയയുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്നു കോവിഡ് കാലത്തു നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലും മെമ്പർഷിപ് കാമ്പയിൻ തുടരുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്യുകയും 10 ഏരിയ കമ്മിറ്റികളും വനിതാ വിഭാഗവും അവരുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. മീറ്റിങ്ങിനു സെക്രട്ടറി കിഷോർ കുമാർ സ്വാഗതവും സബ് കമ്മിറ്റി കൺവീനർ സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു.

കെപിഎ മെമ്പർഷിപ്പ് ലഭിക്കുന്നതിനായി മെമ്പർഷിപ് സെക്രട്ടറി കോയിവിള മുഹമ്മദ് കുഞ്ഞിനെ 3900 7142 എന്ന നന്പരിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.