കുവൈറ്റിൽ കോവിഡ് ബാധിതർ 836, നാല് മരണം
Tuesday, October 20, 2020 7:52 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ഒക്ടോബർ 20നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 836 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 7,935 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 842,102 ആയി.

കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി ഇന്ന് മരിച്ചതോടെ രാജ്യത്ത് വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 714 ആയി ഉയര്‍ന്നു. ഇന്ന് 592 പേരാണു രോഗ മുക്തി നേടി. 109,198 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്.

രാജ്യത്ത് വൈറസ്‌ ബാധിതരുടെ എണ്ണം 117,718 ലേക്ക് ‍ഉയർന്നു. 7,806 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 133 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ