അബുദാബിയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു തുക കണ്ടെത്താൻ സർക്കാർ നിയന്ത്രിത ഡിജിറ്റൽ സംവിധാനം
Wednesday, September 30, 2020 9:21 PM IST
അബുദാബി : ജീവകാരുണ്യപ്രവർത്തനങ്ങൾക്കു തുക സമാഹരിക്കുന്നതിനായി അബുദാബിയിൽ പ്രത്യേക ഡിജിറ്റൽ സംവിധാനം ഒരുക്കുന്നു. സോഷ്യൽ ഡിസ്ട്രിബ്യൂഷൻ അതോറിറ്റിയായ മാൻ ആണ് നൂതന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.

അവയവമാറ്റം പോലെയുള്ള ചെലവേറിയ ചികിത്സകൾ, അനാഥകുട്ടികളുടെ പരിപാലനം തുടങ്ങി സമൂഹത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ധനസമാഹരണത്തിനു നിയമാനുസൃതമായ ഒരു മാർഗം എന്ന നിലയിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നതെന്ന് മാൻ ഡയറക്ടർ ജനറൽ സലാമ അൽ അമീമി പറഞ്ഞു.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ഇനി മുതൽ നിയമാനുസൃത മാർഗത്തിലൂടെ പണം നൽകാനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത .സർക്കാരിനെയും സ്വകാര്യ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുക്കുന്ന പദ്ധതി സാമൂഹ്യ വികസന ഫണ്ടിലൂടെ ദാനശീലം ഒരു സംസ്‌കാരമായി വളർത്തിയെടുക്കാനും അബുദാബിയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അന്തസോടെയും ആദരവാർന്നതുമായ ഒരു ജീവിതം ഉറപ്പുവരുത്തുകയാണ് മാൻ ലക്ഷ്യമിടുന്ന പദ്ധതിയെന്നും അൽ അമീമി വ്യക്തമാക്കി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള