വലിയ സ്‌ക്രീനിൽ സിനിമയൊരുക്കി അബുദാബിയിലെ ഉം അൽ എമിറാത്ത് പാർക്ക്
Wednesday, September 30, 2020 9:15 PM IST
അബുദാബി : കോവിഡ് കാലഘട്ടത്തിൽ സിനിമാ പ്രേമികൾക്ക് വ്യത്യസ്ത അനുഭവം ഒരുക്കി അബുദാബി ഉം അൽ എമരാത്തു പാർക്ക്. ഓപ്പൺ പാർക്കിലിരുന്ന് ‘ബിഗ് സ്‌ക്രീനിൽ’ സിനിമ കാണാനാണ് അവസരമൊരുങ്ങുന്നത്.ഒക്ടോബർ ഒന്നു മുതലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

യുഎഇയിലെ കാലാവസ്ഥ സുഖകരമായതോടെയും കോവിഡിൽ വിലക്കുവീണ വിനോദരംഗം വീണ്ടും പഴയസ്ഥിതി പ്രാപിക്കുന്നതിന് തുടക്കമെന്നോണമാണ് ഇവിടെയുള്ള കുട്ടികളുടെ പാർക്കിനോട് ചേർന്ന് കൂറ്റൻ സ്‌ക്രീൻ ഒരുക്കിയിട്ടുള്ളത്. പുതിയ ഹോളിവുഡ് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അലാദീൻ, എൻചാന്റഡ്, ഷെർക്ക്, ഫ്രോസൺ തുടങ്ങിയ ഹിറ്റ് സിനിമകൾ പ്രദർശന പട്ടികയിലുണ്ട്. നാലംഗ സംഘത്തിന് ഒന്നിച്ചിരുന്ന് കാണാനുള്ള അവസരമാണ് ഇവിടെയുണ്ടാവുക.

സാമൂഹികകലം അടക്കമുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും ഇവിടെയുണ്ടവും. മാസ്ക്ക് മുഴുവൻ സമയവും ധരിക്കണം.2021 ഏപ്രിൽ വരെ പ്രദർശനം നടക്കും.10 ദിർഹമാണ് പാർക്കിലെ പ്രവേശന ഫീസ്. പ്രദർശന സമയം ഉൾപ്പടെ ഉള്ള വിശദംശങ്ങൾ പാർക്കിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള