ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് യാത്രയയപ്പു നൽകി
Thursday, August 13, 2020 7:02 PM IST
കുവൈറ്റ് സിറ്റി: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) അഡ്വൈസറി ബോർഡ് അംഗം മുരളി എസ്. നായർക്ക് യാത്രയയപ്പ് നൽകി.

മുരളി എസ്. നായർ കെൽട്രോൺ എംപ്ലോയീസ്‌ യൂണിയന്‍റെ (INTUC) ജനറൽ സെക്രട്ടറി ആയി പ്രവൃത്തിക്കുമ്പോഴാണ് അവധിയിൽ പ്രവാസജീവിതം ആരംഭിക്കുന്നത്. അപാരമായ സംഘടനാപാടവവും വ്യപകമായ വ്യക്തി ബന്ധവും കൈമുതലാക്കിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുവൈറ്റിലെ സംഘടനരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വം ആണ്. ആരുടെ മുമ്പിലും സംഘടനയ്ക്കു വേണ്ടി ശക്തമായി പ്രതികരിക്കാനും മുഖം നോക്കാതെ കാര്യങ്ങള്‍ പറയാനും അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകമായിരുന്നു.‌‌

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) പ്രസിഡന്‍റ് ബി.എസ്. പിള്ളയുടെ അധ്യക്ഷതയിൽ സാല്മിയയിൽ കൂടിയ യോഗത്തിൽ ട്രഷറർ ഷിബു ചെറിയാൻ, സെക്രട്ടറി പി.ഐ. ഷാജി, ജയകുമാർ എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു. അസോസിയേഷന്‍റെ ഉപഹാരം പ്രസിഡന്‍റ് ബി.എസ്. പിള്ള കൈമാറി.

അസോസിയേഷൻ നാട്ടിൽ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തന്‍റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ മുരളി എസ്. നായർ ഉറപ്പു നൽകി. ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ജോയിന്‍റ് ട്രഷറർ മനോജ് റോയ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ