ഹോം ക്വാറന്‍റൈൻ നിയമം ലംഘിച്ചാല്‍ 5000 ദിനാര്‍ പിഴയും 3 മാസം തടവും
Wednesday, August 12, 2020 6:25 PM IST
കുവൈറ്റ് സിറ്റി: വിദേശത്ത് നിന്നുവരുന്ന പ്രവാസികൾ ഹോം ക്വാറന്‍റൈൻ നിയമം ലംഘിച്ചാൽ ജുഡീഷൽ അതോറിറ്റിക്ക് റഫർ ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം. ഓരോ വ്യക്തിയും ശരിയായ രീതിയിൽ കോവിഡ് ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാലേ വൈറസിന്‍റെ വ്യാപനം തടയാനാവൂവെന്നും ക്വാറന്‍റൈൻ നിയമങ്ങൾ ലംഘിക്കുന്നവർ രാജ്യത്തിന്‍റേയും ജനങ്ങളുടേയും സുരക്ഷയാണ് അപകടപ്പെടുത്തുന്നതെന്ന തിരിച്ചറിവുണ്ടാവണമെന്നും ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.

ക്വാറന്‍റൈനിൽ കഴിയുന്നവർ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് എല്ലാവരും ജാഗ്രത പുലർത്തണം. ഹോം ക്വാറന്‍റൈൻ ലംഘിക്കുന്നവർക്ക് അയ്യായിരം ദിനാറും 3 മാസം തടവ് ശിക്ഷയും നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാരിനൊപ്പം ജനങ്ങളുടെ പിന്തുണകൂടി ഉണ്ടായാലേ കൊറോണക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ സാധിക്കൂവെന്നും രാജ്യത്തു നിന്ന് പുറത്ത് വരുന്നവര്‍ നിര്‍ബന്ധമായും ഹോം ക്വാറന്‍റൈൻ പാലിക്കണമെന്നും ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ