"2020' ആയുസിലെ ഏറ്റവും വിലപ്പെട്ട വർഷം: പ്രഫ. സുജ സൂസൻ ജോർജ്
Monday, August 10, 2020 8:36 PM IST
അബുദാബി: മനുഷ്യായുസിലെ ഏറ്റവും വിലപ്പെട്ട വർഷമാണ് 2020 എന്ന് ലോക ചരിത്രത്തിൽ അടയാളപ്പെടുത്തും. അത്രയേറെ മാനസികവും ശാരീരികവുമായ പ്രതിസന്ധികളിലൂടെയാണ് മാനവലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്. മലയാളം മിഷൻ യുഎഇ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ അബുദാബി, അൽ ഐൻ എന്നീ മേഖലകളിലെ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിച്ച വെർച്വൽ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

മാതൃഭാഷയിൽ സംസാരിക്കുക എന്നത് ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതിനു സമാനമാണ്. പരിഷ്കൃത സമൂഹത്തിൽ ഓരോരുത്തരുടെയും ഉള്ളിലുള്ള അവബോധത്തെ അടയാളപ്പെടുത്തുന്നത് മാതൃഭാഷയുടെ പേരിലാണ്. ലോകം കൂടുതൽ കൂടുതൽ ജനാധിപത്യപരമാവുമ്പോൾ, ദേശത്തിന്‍റെ അതിരുകൾ കൊഴിഞ്ഞു വീഴുമ്പോൾ, ജാതിയുടെയും മതത്തിന്‍റേയും വർണത്തിന്‍റേയും ഭേദങ്ങളില്ലാതാകുമ്പോൾ അവിടെ അവശേഷിക്കുന്ന ഒരേയൊരു സ്വത്വം മാതൃഭാഷയുടേതായിരിക്കും.

മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

മലയാളം മിഷൻ യുഎഇ കോഓർഡിനേറ്റർ കെ. എൽ. ഗോപി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അബുദാബി മേഖല കോഓർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, കൺവീനർ വി. പി. കൃഷ്ണകുമാർ, അൽ ഐൻ മലയാളം മിഷൻ അധ്യാപിക ഷാജിത അബൂബക്കർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള