കുവൈറ്റിൽ വിദേശികളുടെ തിരിച്ചുവരവ് മൂന്ന് ഘട്ടങ്ങളിലായി നിയന്ത്രിക്കുവാന്‍ നീക്കം
Friday, August 7, 2020 9:41 PM IST
കുവൈറ്റ് സിറ്റി : വിദേശികളുടെ തിരിച്ചുവരവ് മൂന്ന് ഘട്ടങ്ങളായി തിരിച്ച് പദ്ധതി തയാറാക്കിയതായി ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിരുന്നു.

മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ പ്രകാരം മൂന്ന് ഘട്ടങ്ങളായാണ് വിദേശത്തു കുടുങ്ങിയ പ്രവാസികളുടെ മടങ്ങിവരവ് നടപ്പിലാക്കാനൊരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ വീസ കാലാവധിയുള്ള വിദേശികളിൽനിന്ന് ഡോക്ടർമാർ, നഴ്‌സുമാർ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലെ അംഗങ്ങൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തും, ഇവരെപ്പറ്റിയുള്ള വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് മന്ത്രാലയം.

രണ്ടാം ഘട്ടത്തിൽ കുവൈത്തിൽ താമസിക്കുന്ന കുടുംബങ്ങളുള്ളവരും ആർട്ടിക്കിൾ 22 (ഡിപൻഡന്‍റ് വീസ) യുടെ റെസിഡൻസി പെർമിറ്റ് ഉള്ളവരോ ആർട്ടിക്കിൾ 18 അനുസരിച്ച് റെസിഡൻസി പെർമിറ്റ് കൈവശമുള്ള കുടുംബനാഥന്മാരും അവരുടെ ഭാര്യമാരും കുട്ടികളും കുവൈത്തിനകത്തള്ളവരെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അവസാനഘട്ടത്തിൽ കുവൈറ്റിലേക്ക് വരാൻ കാത്തിരിക്കുന്ന മറ്റുള്ള എല്ലാ വിദേശികൾക്കുമായിരിക്കും. രാജ്യത്തെ കോവിഡ് ജാഗ്രതയുടെ ഭാഗമായും വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കുന്നതിന്‍റേയും ഭാഗമായാണ് ത്രിതല സംവിധാനം ഒരുക്കുന്നതെന്ന് കരുതുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ