കുടുംബം ശേഷക്രിയ നടത്തിയ "പരേതൻ' സെൽവരാജ് നാട്ടിലേക്ക് മടങ്ങി
Friday, August 7, 2020 5:18 PM IST
റിയാദ്: സൗദിയിൽ വച്ചു മരിച്ചുവെന്നു കരുതി മതവിധി പ്രകാരമുള്ള മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്ത സെൽവരാജ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാൻ വിമാനം കയറുമ്പോഴും ബന്ധുക്കൾ എങ്ങനെ സ്വീകരിക്കും എന്നറിയാതെ വിഷമിക്കുകയാണ്.

ട്രക്ക് ഡ്രൈവറായ തമിഴ്നാട് തിരുനൽവേലി മഹാരാജ നഗർ രാജഗോപാലപുരം സ്വദേശി രംഗനാഥന്‍റെ മകൻ സെൽവരാജ് (58) സൗദിയിൽ വാഹനാപകടത്തിൽ മരിച്ചെന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്. ഇതോടെ മരണാന്തര മോക്ഷത്തിനായുള്ള കർമങ്ങൾ കുടുംബം നടത്തിയതോടെയാണ് സെൽവരാജ് നാട്ടുകാർക്കും ബന്ധുക്കൾക്കും 'പരേതനാ'യത്. എന്നാൽ തീർത്തും ദൗർഭാഗ്യകരമായ ചില സംഭവങ്ങളിൽ ഉൾപ്പെട്ടു സൗദിയിൽ ജയിലിലാവുകയും പിന്നീട് കേസിന്‍റെ നൂലാമാലകളിൽ അകപ്പെടുകയും ചെയ്ത സെൽവരാജ് കഴിഞ്ഞ ദിവസം സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് വിമാനത്തിൽ റിയാദിൽ നിന്നും നാട്ടിലേക്ക് തിരിച്ചു.

ഇരുപത് വർഷത്തോളം അൽ വത്താനിയ കമ്പനിയിൽ ജോലി ചെയ്ത സെൽവരാജ് ഏറെ സന്തോഷപൂർവമാണ് കഴിഞ്ഞിരുന്നത്. 2010 ൽ വീസയുടെ കാലാവധി തീർന്നതിനെതുടർന്നു നാട്ടിൽ പോവുകയും പിന്നീട് ട്രക്ക് ഡ്രൈവറുടെ വീസയിൽ സൗദിയിൽ തിരിച്ചെത്തുകയുമായിരുന്നു. മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് അവധിക്ക് പോകാൻ തയാറെടുക്കവെയാണ് ശെൽവരാജിന്‍റെ ജീവിതം മാറ്റിമറിച്ച ആ സംഭവമുണ്ടായത്.

ദമാം തുറമുഖത്തു നിന്നും അറാറിലെ അരാംകൊ പ്രോജക്ടിലേക്കുള്ള യന്ത്രസാമഗ്രികളുമായി ട്രക്കിൽ പുറപ്പെട്ട സെൽവരാജ്, വഴിയിലുള്ള പെട്രോൾ സ്റ്റേഷനിൽ കയറി അവിടെ കണ്ട അപരിചിതനോടെ സാധനം ഇറക്കേണ്ട സ്ഥലത്തേക്കുള്ള വഴി അന്വേഷിച്ചതാണ് വിനയായത്. അയാൾ പറഞ്ഞ വഴി അറബിയിൽ എഴുതിയെടുത്ത ശേഷം ഒരു ചായയും കുടിച്ച് പുറപ്പെടാൻ വണ്ടിയിൽ കയറുന്ന സമയത്ത് ഒരു പോലീസ് സംഘം തോക്ക് ചൂണ്ടി ശെൽവരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശെൽവരാജ് വഴി ചോദിച്ച അപരിചിതൻ ബഹറിനിൽ നിന്നും മദ്യം കടത്തുന്ന സംഘത്തിലെ ഒരു കണ്ണി ആയിരുന്നത്രേ. അദ്ദേഹത്തെ പിന്തുടർന്നെത്തിയ രഹസ്യാന്വേഷണ സംഘമാണ് സംശയത്തിന്‍റെ പേരിൽ സെൽവരാജിനെയും കസ്റ്റഡിയിൽ എടുത്തത്. ഏകാന്ത തടവിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ കഴിഞ്ഞ സെൽവരാജിന്‍റെ നിരപരാധിത്യം വിചാരണയുടെ ആദ്യഘട്ടത്തിൽ തന്നെ കോടതിക്ക് ബോധ്യമായി. വിചാരണ തുടങ്ങി മൂന്നാഴ്ച കഴിഞ്ഞപ്പോൾ സെൽവരാജിനെ കോടതി കുറ്റവിമുക്തനാക്കി. ജയിൽ വാസത്തോടൊപ്പം നീണ്ടകാലത്തെ നിയമ നടപടികളും സെൽവരാജിന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതായി.

മാനസികമായി തളർന്ന സെൽവരാജ് പിന്നീട് അവിചാരിതമായ ചില നിയമനടപടികൾ കൂടി നേരിടേണ്ടി വന്നു. സെൽവരാജിന്‍റെ വണ്ടിയിലുണ്ടായിരുന്ന യന്ത്രസാമഗ്രികൾ തട്ടിയെടുത്തെന്നു കാണിച്ച് കമ്പനിയും അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തു. മയക്കുമരുന്ന് കേസിലാണ് സെൽവരാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നറിഞ്ഞ സ്പോൺസറും കയ്യൊഴിഞ്ഞു. കമ്പനി യന്ത്രസാമഗ്രികൾക്കായി സ്പോൺസർക്കെതിരെയും കേസ് കൊടുത്തിരുന്നു. ഇതോടെ സ്പോൺസർ സെൽവരാജിനെ 'ഹുറൂബ്' ആക്കുകയും ചെയ്തു.

13 മില്യൺ റിയാലാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അൽ ജൗഫിലുള്ള സ്പോൺസറെ സാമൂഹ്യപ്രവർത്തകർ വഴി കാണാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അൽ ജൗഫിലായിരുന്ന സെൽവരാജ് 1000 കിലോമീറ്റർ അകലെയുള്ള റിയാദിലെ ഇന്ത്യൻ എംബസിയിൽ പതിനെട്ട് തവണയാണ് സഹായാഭ്യർഥനയുമായി എത്തിയത്. പൊതുമാപ്പ് വേളയിലും നാട്ടിലേക്ക് മടങ്ങാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്പോൺസർ ഹുറൂബ് ആക്കിയതും നഷ്ടപരിഹാര കേസുമാണ് തടസമായത്. പിടിച്ചു നിൽക്കാനായി സെൽവരാജ് പല ജോലികളും ചെയ്തു. എട്ടു വർഷമായി ഇഖാമ ഇല്ലാതിരുന്നതും എല്ലായിപ്പോഴും തടസങ്ങളായി.

റിയാദിലേക്കുള്ള യാത്രകൾ പലപ്പോഴും വഴിയിലെ ചെക്ക്പോസ്റ്റുകളിൽ അവസാനിച്ചു. റിയാദിലെത്താനായി പോലീസിന്‍റെ കണ്ണ് വെട്ടിച്ചു പലപ്പോഴും മരുഭൂമിയിലൂടെയും നടന്നു. അറബി ഭാഷയുടെ വൈദഗ്ധ്യം സെൽവരാജിന് പോലീസിനെ കാര്യങ്ങൾ ധരിപ്പിക്കാൻ കഴിഞ്ഞു.

സാമൂഹ്യപ്രവർത്തകരുടെ സമയോചിതമായ ഇടപെടലുകളാണ് ഇപ്പോൾ സെൽവരാജിന് നാടണയാൻ സഹായകമായത്. ശിഹാബ് കൊട്ടുകാടും നോവൽ ഗുരുവായൂരും ഇന്ത്യൻ എംബസിയിലെ തർഹീലിലും (നാടുകടത്തൽ കേന്ദ്രം) കയറിയിറങ്ങിയാണ് എക്സിറ്റ് വീസ സമ്പാദിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട കമ്പനിയുമായി ബന്ധപ്പെട്ട് ആ കേസും ഒത്തുതീർപ്പാക്കി. ലയൺസ് ക്ലബും വേൾഡ് മലയാളി ഫെഡറേഷനും ചേർന്ന് വിമാന ടിക്കറ്റ് നൽകി. തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുൻപ് കേരളത്തിൽ ക്വാറന്‍റൈനിൽ കഴിയാനുള്ള സാമ്പത്തിക സഹായം സലിം മൈനാഗപ്പള്ളി, ഉസ്മാൻ, റിയാസ് എന്നിവർ നൽകി. റിയാദിൽ മൂന്നാഴ്ചയോളം താമസസൗകര്യം ചെയ്തു കൊടുത്തത് അനിൽ കുമാറാണ്.

സൗദി അറേബ്യയിലെ വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനുശേഷം വീട്ടിലെത്തുന്ന തന്നെ ഭാര്യയും മകളും നാട്ടുകാരും എങ്ങിനെ സ്വീകരിക്കും എന്നറിയാതെ വിഷമിക്കുന്ന സെൽവരാജിന്‍റെ ദൈന്യതയാർന്ന മുഖം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയക്കാനെത്തിയ സാമൂഹ്യപ്രവർത്തകർക്ക് മറക്കാനാവാത്ത ഒരു നൊന്പരമായി അവശേഷിക്കുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ