പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയുമായി സ്പാർക്
Sunday, July 12, 2020 11:29 AM IST
റിയാദ്: കോവിഡ് പ്രതിസന്ധി അനിശ്ചിതമായി നീണ്ടു പോവുകയും പ്രവാസലോകത്ത് നഷ്ടക്കഥകൾ തുടർച്ചയാവുകയും ചെയ്യുമ്പോൾ പ്രവാസി സമൂഹത്തിന് പിന്തുണയേകാൻ പുനരധിവാസ പദ്ധതികളുമായി സ്പാര്ക് എന്ന പേരിൽ കൂട്ടായ്മ രൂപീകൃതമായി. പ്രവാസി മലയാളികളുടെ സംഘമാണ് സൊസൈറ്റി ഫോർ പ്രവാസി എയ്ഡ് ആൻഡ് റിഹാബിലിറ്റേഷൻ ഓഫ് കേരളൈറ്റ്സ് (സ്പാർക്) എന്ന പേരിൽ രജിസ്റ്റർ ചെയ്യുന്ന ഈ സംഘടനയുടെ പ്രധാന ലക്ഷ്യം മതേതരമായ രാഷ്ട്രീയ ചായ്വുകളില്ലാത്ത സ്വാർത്ഥ താല്പര്യങ്ങളില്ലാത്ത പ്രവാസി പുനരധിവാസം ആണെന്ന് സംഘാടകർ ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് എന്നീ സോഷ്യൽ മീഡിയകളിലൂടെ ആണ് ആദ്യം ഇവർ അംഗങ്ങളെ കണ്ടെത്തുന്നത്. നാട്ടിൽ മടങ്ങിയെത്തുന്നവർക്ക് അഭിരുചിക്കും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ജോലി നൽകാനുതകും വിധം പദ്ധതികൾ തയ്യാറാക്കും. എല്ലാവരുടെയും പ്രാപ്തി അനുസരിച്ച് നിക്ഷേപസാഹചര്യം ഒരുക്കുമെന്നും ഇപ്പോൾ നാട്ടിൽ മടങ്ങിയെത്തിയവർക്കും ഇതിൽ പങ്കാളിയാകാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
60 വയസ്സിനു മുൻപ് മടങ്ങിയെത്തിയവർക്ക് ജോലി ലഭിക്കാൻ സഹായമൊരുക്കും, ലൈഫ് ഇൻഷുറൻസും ജോലിയിലുള്ള ഇൻഷുറൻസും ഏർപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളും സംഘാടകർ നൽകുന്നുണ്ട്.

വിദ്യാഭ്യാസ, കാർഷിക, ബാങ്കിങ്, ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ജോലി പരിശീലന കേന്ദ്രങ്ങൾ, സർവ്വീസ് സ്ഥാപനങ്ങൾ തുടങ്ങിയ മേഖലയിലെ സാദ്ധ്യതകൾ പഠിച്ചു വരുന്നുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി സേവ്യർ കടുന്നക്കരി (പ്രസി.), ഷെറിൻ ജോസഫ് (സെക്ര), ടോമി ജോർജ്ജ് (വൈ. പ്രസി.), മുജീബ് റഹ്മാൻ (ജോ. സെക്ര.), ജോജി മാത്യു (ട്രഷ.), റിനു തോമസ് (മീഡിയ കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തതായും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ