കുവൈറ്റിലെ വിദേശികളുടെ ക്വാട്ട; ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ
Monday, July 6, 2020 8:53 PM IST
കുവൈറ്റ് സിറ്റി: സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശികളുടെ ജനസംഖ്യ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നിയമ നിർമാണം സംബന്ധിച്ച കരട് ബില്ലിന് പാര്‍ലമെന്‍ററി ഉന്നത സമിതി അംഗീകാരം നൽകി. ബില്ല് വോട്ടെടുപ്പിനായി ദേശീയ അസംബ്ലിക്ക് കൈമാറും.

ഡെമോഗ്രാഫിക് ഫയലിനെക്കുറിച്ച് റിപ്പോർട്ട് തയാറാക്കുന്നതിനായി പാർലമെന്‍ററി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്‍റ് കമ്മിറ്റി ഈ ആഴ്ച നിർണായക യോഗം ചേരാൻ തയാറെടുക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

14 ലക്ഷം വരുന്ന കുവൈറ്റ് ജനസംഖ്യക്ക് ആനുപാതികമായ ശതമാന നിരക്കായിരിക്കണം നിലവില്‍ വിദേശ ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള രാജ്യക്കാര്‍ക്കും അനുവദിക്കുക. ജനസംഖ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പഠിക്കുന്നതിനായി സമിതി ഈ ആഴ്ച യോഗം ചേരുമെന്ന് പാർലമെന്‍റിന്‍റെ മാനവ വിഭവശേഷി വികസന സമിതി ചെയർമാൻ ഖലീൽ അൽ സാലിഹ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മിറ്റി റിപ്പോർട്ട് ദേശീയ അസംബ്ലിയിൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള ജനസംഖ്യ അടിസ്ഥാനത്തില്‍ ഓരോ വിദേശി സമൂഹത്തിനും നിര്‍ദ്ദേശിച്ച ശതമാന നിരക്കനുസരിച്ചു 15 ശതമാനം ഇന്ത്യക്കാര്‍, 10 ശതമാനം വീതം ഈജിപ്തുകാര്‍, ഫിലിപ്പിനോകള്‍, ശ്രീലങ്കക്കാര്‍, 5 ശതമാനം വീതം ബംഗ്ലാദേശികള്‍, നേപ്പാളികള്‍, പാക്കിസ്ഥാനികള്‍, വിയറ്റ്‌നാമീസ്, ബാക്കിയുള്ള രാജ്യക്കാര്‍ക്ക് പരമാവധി 3 ശതമാനം വീതവുമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് സൂചന. നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. ഏകദേശം എട്ട് ലക്ഷത്തോളം ഇന്ത്യക്കാരായിരിക്കും നാട്ടിലേക്ക് നട്ടിലേക്ക് മടങ്ങേണ്ടി വരിക.

കോവിഡ് പാശ്ചാത്തലത്തിലാണ് രാജ്യത്തെ വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന വിഷയം വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുന്നത്. എണ്ണ വിലയിടിവും കൊറോണവൈറസും സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും വിദേശികളാണ്. പ്രത്യേകിച്ചും അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ രോഗബാധ കുടുതലാണ്.വിദേശികള്‍ക്ക് രോഗം വര്‍ധിക്കുന്നത് ആരോഗ്യ മേഖലയില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നതായി വ്യാപക പരാതികളും സ്വദേശിക്കിടയില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ