ഇല്യാസ് മണ്ണാർക്കാടിന് മാപ്പിള അക്കാദമി യാത്രയയപ്പ് നൽകി
Sunday, July 5, 2020 11:43 AM IST
റിയാദ് : മൂന്നു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനു ശേഷം റിയാദിനോട് വിട പറയുന്ന
കേരള മാപ്പിളകലാ അക്കാദമി റിയാദ് ചാപ്റ്റർ മുൻ പ്രസിഡന്റും, സൗദി നാഷണൽ കമ്മിറ്റി ട്രഷററും റിയാദിലെ അറിയപ്പെടുന്ന കലാകാരനും സാമൂഹിക പ്രവർത്തകനുമായ ഇല്ല്യാസ് മണ്ണാർക്കാടിന് ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

മൂന്നര പതിറ്റാണ്ടിനിടയിൽ ഏതാണ്ട്​ അത്രയും കാലവും സംഗീതത്തെ നെഞ്ചോടു ചേർത്ത് വിവിധ വേദികളെ ഇല്യാസ്​ സംഗീത സാന്ദ്രമാക്കി. സംഗീത അധ്യാപകൻ, ഗായകൻ, പിന്നണി വാദ്യക്കാരൻ, സംഗീത കച്ചേരി സംഘാടകൻ, സാമൂഹിക രാഷ്​ട്രീയ ​പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രവാസി സമൂഹത്തിൽ നിറഞ്ഞുനിൽക്കവേയാണ്​ പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചത്​. റിയാദിൽ മാത്രമല്ല സൗദി അറേബ്യയിലെ ഏതാ​ണ്ട്​ എല്ലാ ഭാഗങ്ങളിലും നൂറു കണക്കിന് വേദികളിൽ നിറസാന്നിധ്യമായിരുന്നു.

ഒരു ഗായകൻ എന്നതിലുപരി മികച്ച ശബ്​ദത്തി​​​​​ൻ്റെ ഉടമ എന്ന നിലയിൽ മിക്ക പരിപാടികളുടെയും അനൗൺസർ ​റോളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്ന് മലയാള ചാനലുകളിലെ പല റിയാലിറ്റി ഷോകളിലും താരങ്ങളായി വളർന്ന നിരവധി കുട്ടികളെ ഇദ്ദേഹം സംഗീതം അഭ്യസിപ്പിച്ചിട്ടുണ്ട്. റിയാദ് മാപ്പിള കലാ അക്കാദമി, അറേബ്യൻ മെലഡീസ്, റിയാദ്​ ഇന്ത്യൻ മ്യൂസിക്​ ലവേഴ്​സ്​ അസോസിയേഷൻ (റിംല), റിയാദ് കലാഭവൻ തുടങ്ങിയ ഒട്ടനവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപകനോ പ്രധാന ഭാരവാഹിയോ ആയി നേതൃ പദവി വഹിച്ചിട്ടുണ്ട്. പ്രശസ്ത സിനിമ പിന്നണി ഗായകരായ വിദ്യാധരൻ മാഷ്, കൃഷ്ണ ചന്ദ്രൻ കാഞ്ഞങ്ങാട്, വിധു പ്രതാപ്, അഫ്സൽ, അനൂപ് ശങ്കർ, കലാഭവൻ മണി, ഹിഷാം അബ്​ദുൽ വഹാബ്, നാദിർഷ, സമദ്, അൻവർ സാദാത്ത്​, ജഗദീഷ് തുടങ്ങിയവർക്കും മാപ്പിള പാട്ടിലെ പ്രശസ്തരായ മൂസ എരഞ്ഞോളി, വി.എം. കുട്ടി, വിളയിൽ ഫസീല, ഫൈസൽ എളേറ്റിൽ, എം.എ. ഗഫൂർ തുടങ്ങി പഴയതും പുതിയതുമായ ഒട്ടേറെ കലാകാരന്മാർക്കും വേണ്ടി പിന്നണിയിൽ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള അവസരവും ഈ മണ്ണാർക്കാട്ടുകാരന് ലഭിച്ചു.

അക്കാദമിയുടെ ഉപഹാരം പ്രസിഡന്റ് ജലീൽ തീരുർ സമ്മാനിച്ചു. ചടങ്ങിൽ ഹംസ കല്ലിങ്ങൽ, ഇബ്രാഹിം വെളിയംകോട്, മുനീർ കുനിയിൽ, ഷാനവാസ് ഷാനു തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ നടന്ന ഓൺലൈൻ യാത്രയയപ്പിൽ ചെയർമാൻ മൂസ പട്ട ഹാരിസ് ചോല, സത്താർ മാവൂർ, ഷമീർ ബാബു ഫാറൂക്, അഷ്റഫ് മേച്ചേരി, ഉമ്മർ മീഞ്ചന്ത തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി ഇസ്മായിൽ കരോളം സ്വാഗതവും ട്രഷറർ ജമാൽ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ