ഗൾഫിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകണം: വീക്ഷണം ഫോറം
Thursday, May 28, 2020 1:25 AM IST
അബുദാബി: കൊറോണ ബാധ മൂലം ഗൾഫിൽ ഇതുവരെ നൂറ്റി ഇരുപതിലധികം ആൾക്കാർ മരണപ്പെട്ടു. അതിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. പ്രവാസം തുടങ്ങിയകാലം മുതൽ ഗൾഫിൽ മരണപ്പെട്ട വരിൽ ഏറെപ്പേരുടെയും മൃതശരീരം നാട്ടിലെത്തിക്കാറാണ് പതിവ്. എന്നാൽ കൊറോണ മൂലം മരണപ്പെട്ടവരുടെ മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയുന്നുമില്ല.

കുടുംബത്തിന്‍റെ അത്താണിയായ ആൾ മരിച്ചിട്ട്, അവസാനമായി ഒരുനോക്കു കാണാൻ പോലുമാകാതെ കഴിയാത്ത കുടുംബത്തിന്‍റെ ദുഃഖം ആരും കാണാതെ പോകുകയാണ്. ഇനിയുള്ള അവരുടെ ജീവിതം ഇരുളടഞ്ഞതുമാണ്.നാടിനും വീടിനും അത്താണിയായ പ്രവാസിയുടെ ഇപ്പോഴത്തെ നിസഹായാവസ്ഥയോടുള്ള അധികാരികളുടെയും പൊതുസമൂഹത്തിന്‍റെയും അവഗണന പ്രതിഷേധാർഹമാണ്.

പ്രതിദിനമുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പോലും ഇത്തരക്കാരെ ക്കുറിച്ച് ഒരു പരാമർശവും നടത്തിക്കണ്ടില്ല. നാട്ടിലുള്ള പ്രവാസികൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച അയ്യായിരം രൂപ ധനസഹായം പോലും ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

ഈ അവസരത്തിൽ കേന്ദ്ര സംസ്ഥാനസർക്കാരുകൾ സംയുക്തമായി ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കൊറോണ മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിനു നൽകണമെന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി പ്രസിഡന്‍റ് എൻ.പി.മുഹമ്മദാലി ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ട്രഷറർ അബുബക്കർ മേലേതിൽ വനിതാവിഭാഗം പ്രസിഡന്‍റ് നീന തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ സർക്കാരുകളോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള