സ്വദേശി വിദേശി ജനസംഖ്യാ അസന്തുലനം; നിർദേശങ്ങളുമായി പാര്‍ലമെന്‍റ് അംഗങ്ങള്‍
Thursday, May 28, 2020 12:59 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് നിലനില്‍ക്കുന്ന സ്വദേശി വിദേശി ജനസംഖ്യാ അസന്തുലനം എത്രയും വേഗം പരിഹരിക്കെണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് പാര്‍ലമെന്‍റ് അംഗം ഡോ. ബദർ അൽ മുല്ലയും മറ്റ് എംപിമാരും ദേശീയ അസംബ്ലിക്ക് മുന്നില്‍ ബില്‍ കൊണ്ടുവന്നു.

വിദേശികളുടെ എണ്ണം വർധിക്കുന്നത് രാജ്യത്തെ സ്വദേശി സമൂഹത്തിനു പലതരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രാജ്യപുരോഗതിക്കും വികസനത്തിനും തടmx നിൽക്കാത്ത രീതിയിൽ വിദേശികളെ എണ്ണം കുറക്കണമെന്നാണ് ബില്ലില്‍ നിർദേശിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ സമയത്ത് വിദേശി സ്വദേശി എണ്ണത്തിലെ അസന്തുലിത്വം വലിയ പ്രയാസമാണ് വരുത്തിവച്ചത്. പല പ്രദേശങ്ങളിലും പകർച്ചവ്യാധി പടരുന്നതിന് കാരണവും വിദേശികളുടെ ആധിക്യമാണ്. ഓരോ രാജ്യങ്ങള്‍ക്കും ക്വാട്ടകള്‍ നിശ്ചയിച്ച് ജനസംഖ്യാ സന്തുലനം നടപ്പിലാക്കണമെന്നും എംപിമാര്‍ നല്കിയ ബില്ലില്‍ ശിപാർശ ചെയ്യുന്നുണ്ട്.

പൗരത്വ രഹിതരുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക , സ്വകാര്യ മേഖലയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുക , തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ എണ്ണം വർധിപ്പിക്കുകയും ഹൈസ്‌കൂൾ പഠനത്തിനു ശേഷം സ്വദേശി വിദ്യാർഥികളെ ഇത്തരം കോഴ്‌സുകളിൽ ചേരാൻ പ്രോത്സാഹനം നല്‌കുക . ഗാർഹിക മേഖലയിലേക്കുള്ള അനിയന്ത്രിത റിക്രൂട്ട്മെന്‍റ് തടയുക , സ്വകാര്യമേഖലയിലെ വിദേശിനിയമനങ്ങൾ അവസാനിപ്പിക്കുന്നതിനായി സമയ പരിധി നിശ്ചയിക്കുക , ഗവൺമെന്‍റ് കരാർ ജോലികൾക്കായി എത്തുന്ന വിദേശികളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് വീസ മാറാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ പാര്‍ലിമെന്‍റ് അംഗങ്ങള്‍ ഉന്നയിച്ചിരുന്നു.

രാജ്യത്ത് 14 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്. ഇതിൽ 10 ലക്ഷം പേർ ഇന്ത്യക്കാരാണ്. രാജ്യങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാൻ തീരുമാനിച്ചാൽ നിരവധി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാർക്ക് ജോലി നഷ്ടമാകും.

റിപ്പോർട്ട്: സലിം കോട്ടയിൽ