കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 1041 ; അഞ്ച് മരണം
Thursday, May 21, 2020 9:05 PM IST
കുവൈത്ത് സിറ്റി: രാജ്യത്ത് 1041 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവർ 18,609 ആയി. അഞ്ചുപേർ കൂടി മരിച്ചതോടെ കോവിഡ് മരണം 129 ആയി.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 325 ഇന്ത്യക്കാരും, 211 സ്വദേശികളും 139 ബംഗ്ലാദേശികളും 177 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 320 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5205 ആയെന്ന് ആരോഗ്യ മന്ത്രി ഡേ.ബാസിൽ അൽ സബാ അറിയിച്ചു.

13,275 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 181 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റ് 383, ഹവല്ലി ഗവർണറേറ്റ് 173, അഹ്മദി ഗവർണറേറ്റ് 276, ജഹ്റ ഗവർണറേറ്റ് 103, കാപിറ്റൽ ഗവർണറേറ്റ് 107 എന്നിങ്ങനെയാണ് പുതിയ കേസുകൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 261,071 പേർ നിരീക്ഷണത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ