പ്രവാസികളുടെ മടക്കത്തിനു ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ആവശ്യപ്പെട്ട് ജിദ്ദ ഒഐസിസി സുപ്രീം കോടതിയിലേക്ക്
Thursday, May 21, 2020 6:17 PM IST
ജിദ്ദ: പ്രവാസികളുടെ മടക്കത്തിനു ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ആവശ്യപ്പെട്ട് ജിദ്ദ ഒഐസിസി സുപ്രീം കോടതിയിൽ ഹർജി നൽകും. ജോലി നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും രോഗികളും അടക്കം ലക്ഷക്കണക്കിന്‌ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴും നാമ മാത്രമായ സര്‍വീസുകള്‍ നടത്തി കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകുമ്പോള്‍ പ്രവാസികളുടെ മടക്കം അനന്തമായി നീളുകയാണ്.

നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടി അപേക്ഷ നല്‍കിയ രോഗികളെയും സഹായത്തിനു ആരുമില്ലാതെ പ്രസവം അടുത്ത നഴ്സുമാർ, ഫാമിലി വിസിറ്റിംഗ് വീസയിലുള്ള ഗര്‍ഭിണികൾ അടക്കമുള്ളവരെ നാട്ടിലെത്തിക്കാന്‍ നിലവില്‍ സര്‍ക്കാരിന് ആയിട്ടില്ല . ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള സൗദിയിൽ നിന്നും കേവലം 6 ‌വിമാനങ്ങളാണ് സർവീസ് നടത്തിയത്.

ഗര്‍ഭിണികളും രോഗികളും അടക്കമുള്ളവര്‍ പരിചരണം ലഭിക്കാതെ കഷ്ടപ്പെടുമ്പോള്‍ സാമൂഹ്യ സംഘടനകള്‍ വഴി മാനദണ്ധങ്ങള്‍ പാലിച്ചു വിമാനം ചാര്‍ട്ടര്‍ ചെയ്തു അത്തരം അത്യാഹിത വിഭാഗക്കാരായ ആളുകളെ നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യവുമായാണ് ഒ.ഐ.സി.സി സുപ്രീം കോടതിയില്‍ ഹരജി നല്‍കുന്നത് . ഇതിനു മുന്നോടിയായി എയർ ഇന്ത്യ മാനേജർക്കും ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലിനും വിമാന സർവീസിനുള്ള അപേക്ഷ നൽകിയതായും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വികരിക്കുവാൻ കേരളം മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ സഹ മന്ത്രിക്കും നിവേദനം നൽകിയതായും റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ പറഞ്ഞു.

നിലവിൽ "വന്ദേ ഭാരത്" മിഷന്‍റെ നോഡൽ ഏജൻസി ആയി പ്രവർത്തിക്കുന്ന എയർ ഇന്ത്യ യുടെ പ്രത്യേക ചാർട്ടർ വിമാന സർവീസ് ജിദ്ദയിൽ നിന്നും അനുവദിക്കണമെന്നും അതിനു സർക്കാരിന്‍റെ എല്ലാ മാനദണ്ഡങ്ങളും അംഗീകരിക്കുവാൻ തയായാറാണെന്നും അറിയിച്ചിട്ടുണ്ട്, ഇതിനായി ഒ ഐ സി സി പ്രത്യേക സർവേ നടത്തി 400, ഓളം പേരുടെ വിവരങ്ങൾ കിട്ടായതായും മുനീർ പറഞ്ഞു.

പ്രവർത്തനങ്ങൾ ക്രോഡികരിക്കുന്നതിനായി റഷീദ് കൊളത്തറ, സകീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, ,ശ്രീജിത് കണ്ണൂർ, നൗഷാദ് അടൂർ, ഷുക്കൂർ വക്കം, ഫസലുള്ള വെളുവബാലി, ബഷീർ പരുത്തികുന്നൻ, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, വിലാസ് അടൂർ, നാസിമുദ്ധീൻ മണനാക്, മുജീബ് തൃത്തല, അനിയൻ ജോർജ്, മനോജ് മാത്യു, സഹീർ മാഞ്ഞാലി, തോമസ് വൈദ്യൻ, അസാബ്‌ വർക്കല, ജിതേഷ് പാലക്കാട്, അനിൽകുമാർ പത്തനം തിട്ട, രാജേഷ് ഹരിപ്പാട്, സജിൽ മുഹമ്മദ് പാപ്പറ്റ, നൗഷീർ കണ്ണൂർ, ടി കെ അഷ്‌റഫ്, ഹാരിസ് കാസര്കോഡ്, സമീർ നദവി കൂറ്റിച്ചാൽ തുടങ്ങി ട്രാവൽ രംഗത്ത് വിദഗ്ധരെ ഉൾപ്പെടുത്തികൊണ്ടുള്ള ഉപ സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നതെന്നും കെ.ടി.എ മുനീർ അറിയിച്ചു,

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ