കുവൈത്തിൽ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കർശന നടപടികള്‍ക്ക് ആലോചന
Monday, March 30, 2020 10:19 PM IST
കുവൈത്ത് സിറ്റി: വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശികളുടെ ഇടയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് സൂചന

രാജ്യത്ത് തുടക്കത്തില്‍ സ്വദേശികള്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് പക്ഷേ കഴിഞ്ഞ ദിവസങ്ങളിലായി വിദേശികളുടെ എണ്ണവും ഏറിക്കൊണ്ടിരിക്കുകയാണ്. ഇവരില്‍ പലരുടേയും അണുബാധയുടെ ഉറവിടം കണ്ടുപിടിക്കുവാന്‍ സാധിക്കാത്തതും ആരോഗ്യ മന്ത്രാലയത്തിന് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മാത്രമായി പൂര്‍ണ കർഫ്യൂ പ്രഖ്യാപിക്കാനോ അല്ലെങ്കിൽ ലോക്ക് ഡൗണ്‍ പോലുള്ള നടപടികള്‍ സ്വീകരിക്കാനോ സാധ്യത തള്ളിക്കളായാനാവില്ലെന്ന് പാര്‍ലമെന്‍റ് അംഗം മുഹമ്മദ് അൽ ദല്ലാൽ പറഞ്ഞു. നിയന്ത്രണങ്ങൾ വിപുലീകരിക്കേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നു, കഴിഞ്ഞ കുറേ ദിവസങ്ങളായി ഭാഗിക കർഫ്യൂവിന്‍റെ ഫലപ്രാപ്തിയെ വ്യക്തമായി ദുർബലപ്പെടുത്തുന്ന രീതിയിലാണ് പൊതു ജനങ്ങള്‍ പെരുമാറുന്നതെന്ന് അൽ ദല്ലാൽ പറഞ്ഞു.വൻതോതില്‍ വിദേശികള്‍ താമസിക്കുന്ന ജലീബ് അൽ-ഷുയൂഖ്, ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറസ് പടർന്നുപിടിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ വിപുലീകരിച്ചതിന് സർക്കാരിനെ കുറ്റപ്പെടുത്തില്ലെന്നും മുഹമ്മദ് അൽ ദല്ലാൽ പറഞ്ഞു. അതിനിടെ കൊറോണ വൈറസ് പടരാതിരിക്കാൻ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് നിരവധി എംപിമാർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കൊറോണ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 25 ആയി. വിദേശികള്‍ക്കിടയിലെ വ്യാപനമാണ് കുവൈത്ത് അധികൃതരും ഏറെ ഭയക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ. വൈറസ് ബാധയിലും സ്വദേശികൾ കഴിഞ്ഞാൽ മുന്നിലുള്ളത് ഇന്ത്യക്കാരാണ്. 14 ലക്ഷം വരുന്ന സ്വദേശികളെ കഴിഞ്ഞാൽ പത്തുലക്ഷം ഇന്ത്യക്കാരാണ് ജനസംഖ്യയിൽ മുന്നിൽ. സർക്കാർ മാർഗനിർദേശം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതിൽ ഇന്ത്യക്കാർ ഒട്ടും പിന്നിലല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നിരന്തരം അവഗണിക്കുന്ന വിദേശികൾ അധിവസിക്കുന്ന പ്രദേശങ്ങള്‍ പൂട്ടിയിടണമെന്ന വികാരമാണ് പല സ്വദേശികളും പങ്ക് വയ്ക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ